വിസി സെർച്ച് കമ്മിറ്റി : പേര് നൽകാൻ സമയം ചോദിച്ച് ഗവർണർ

ന്യൂഡൽഹി
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റികളിലേക്ക് പേരുകൾ നിർദേശിക്കാൻ സുപ്രീംകോടതിയിൽ സമയം ചോദിച്ച് ഗവർണർ. ജസ്‌റ്റിസ് ജെ ബി പർദ്ദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് ഇതിന് തിങ്കളാഴ്‌ച വരെ സമയം നൽകി. കേസ് പരിഗണിച്ചപ്പോൾ പേരുകൾ കൊണ്ടുവന്നോയെന്ന് ബെഞ്ച് ചോദിച്ചു.
പേരുകൾ ഉണ്ടെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. എന്നാൽ അക്കാദമിക് വിദഗ്ധരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയെന്നും ഇവരുടെ അനുവാദത്തിനുശേഷം പേരുകള്‍ നല്‍കാമെന്നും ഗവര്‍ണര്‍ക്കായി ഹാജരായ അറ്റോര്‍ണി ജനറല്‍ ആർ വെങ്കിട്ടരമണി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പട്ടികയിലുള്ള പേരുകൾ അറ്റോർണിക്ക് കൈമാറാൻ കോടതി നിർദേശിച്ചു. ഒരേ പേരുകൾ നിർദേശിക്കാനായാൽ നല്ലതാണന്ന നിരീക്ഷണത്തോടെയാണ് ഇത്. സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും പട്ടികയില്‍നിന്ന് നാല് പേരെയും യുജിസിയുടെ ഒരു പ്രതിനിധിയെയും സെര്‍ച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് കോടതിപറഞ്ഞു.
ഗവർണർ നിയമത്തെ വെല്ലുവിളിക്കരുതെന്ന മുന്നറിയിപ്പും താക്കീതും ബുധനാഴ്‌ച കേസ് പരിഗണിച്ചപ്പോൾ കോടതി നൽകിയിരുന്നു. തുടർന്നാണ് കോടതിയുടെ മേൽനോട്ടത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാമെന്ന നിർദേശം ബെഞ്ച് മുന്നോട്ടുവെച്ചത്.









0 comments