print edition കലിക്കറ്റ് വിസി നിയമനം ; ചട്ടം ലംഘിച്ച് വിജ്ഞാപനമിറക്കി ഗവർണറുടെ ഓഫീസ്

തേഞ്ഞിപ്പലം
വൈസ് ചാൻസലർ സെർച്ച് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത സെനറ്റ് പ്രതിനിധിയെ കലിക്കറ്റ് സർവകലാശാല ഔദ്യോഗികമായി അറിയിക്കുന്നതിന് മുന്നേ വിസി നിയമനത്തിന് വിജ്ഞാപനമിറക്കി ഗവർണറുടെ ഓഫീസ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കേണ്ട വിജ്ഞാപനം ചാൻസലർ പദവി ഉപയോഗിച്ച് ഏകപക്ഷീയമായി ഇറക്കുകയായിരുന്നു.
സെനറ്റ് പ്രതിനിധിയായി ഡോ. എ സാബുവിനെ തെരഞ്ഞെടുത്ത ഫയൽ ഇതുവരെ ചാൻസലറായ ഗവർണറുടെ ഓഫീസിലേക്ക് കലിക്കറ്റ് സർവകലാശാലയിൽ നിന്നും അയച്ചിട്ടില്ല. ഇതു സംബന്ധിച്ച ഫയൽ താൽക്കാലിക വൈസ് ചാൻസലറുടെ ഓഫീസിലാണുള്ളത്. ഇവിടെനിന്നും ഒപ്പിട്ട് ലഭിച്ചാൽ മാത്രമേ ചാൻസലർ ഓഫീസിലേക്ക് ഔദ്യോഗികമായി കൈമാറൂ. ഇതിന് മുന്നേ സാബുവിനെ ഉൾപ്പെടുത്തി വിസി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറക്കിയത് ചട്ടലംഘനമാണ്.
സെനറ്റ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം ഡോ. സാബുവിനെ കലിക്കറ്റ് സർവകലാശാല ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കേരള ശാസ്‌ത്ര കോൺഗ്രസിന്റെ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നതിനാൽ സെർച്ച് കമ്മിറ്റിയിൽ സജീവമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് കാണിച്ച് ഇദ്ദേഹം സെനറ്റ് അംഗത്വം രാജിവച്ചിരുന്നു. ഇതിന്റെ കോപ്പി സർവകലാശാല രജിസ്ട്രാർക്കും അയച്ചു. ഇതുകൂടി ഉൾപ്പെടുത്തിയാണ് ചാൻസലർക്ക് നൽകേണ്ട ഫയൽ സർവകലാശാല തയ്യാറാക്കിയത്. ഇത് താൽക്കാലിക വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന്റെ മേശപ്പുറത്താണ്. വിസി തസ്‌തികയിലേക്ക് ഇദ്ദേഹവും അപേക്ഷ നൽകിയതായാണ് സൂചന. ബിജെപിയ്‌ക്കും കോൺഗ്രസിനും മുസ്ലിം ലീഗിനും ഒരുപോലെ സ്വീകാര്യനാണ് രവീന്ദ്രൻ. സിൻഡിക്കറ്റിൽ രണ്ട് പ്രതിനിധികൾ മാത്രമുള്ള മുസ്ലിംലീഗ് അംഗത്തെ കഴിഞ്ഞ സെനറ്റ് യോഗത്തിന്റെ അധ്യക്ഷനാക്കിയത് ഇൗ അജൻഡയുടെ ഭാഗമാണ്.









0 comments