ബിജെപി കൗൺസിലറുടെ ആത്മഹത്യ ; രാജീവ് ചന്ദ്രശേഖറിനെതിരെ പ്രവർത്തകർ

തിരുവനന്തപുരം
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യക്ക് കാരണം നേതൃത്വമാണെന്ന് ആരോപിച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രാദേശിക നേതാക്കളും പ്രവർത്തകരും. ‘‘ വ്യക്തിപരമായി ഏറെ അടുപ്പമുള്ള അനിലിനെ താൻ രണ്ട് ദിവസം മുൻപ് കണ്ടിരുന്നു ’’ എന്ന് രാജീവ് ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത അനുശോചന സന്ദേശമാണ് പ്രവർത്തകരെ പ്രകോപിതരാക്കിയത്. ഏറെ പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു നേതാവിനെ മരിക്കുന്നതിന് തൊട്ടുമുൻപ് കണ്ടിട്ടും പ്രശ്നം പരിഹിച്ചുകൊടുക്കാനോ സമാധാനിപ്പിക്കാനോ കഴിയാത്ത ഇത്തരം പ്രസിഡന്റുമാരാണ് ബിജെപി യുടെ ശാപമെന്നാണ് ആക്ഷേപം.
പ്രസിഡന്റിന് സ്വന്തം പ്രവർത്തകനെ സംരക്ഷിക്കാൻ സമയമില്ല, കൗൺസിലറുടെ മരണം ഒരു പാഠം ആകട്ടെ. ബിജെപി തന്നെയാണ് അനിലിനെ കൊന്നത് എന്നതടക്കം വലിയ ആരോപണങ്ങളാണ് പ്രസിഡന്റിന്റെ കുറിപ്പിന് താഴെയുള്ള കമന്റുകളിലുള്ളത്.
‘‘ അനിൽചേട്ടനൊപ്പം വളരെക്കാലം പ്രവർത്തിച്ചു. സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്തു ചിലവാക്കിയും പ്രവർത്തിച്ച പാവം മനുഷ്യനെ കാണാതെ, വാക്കുകൊണ്ടുപോലും സമാധാനിപ്പിക്കാനാകാതെ പോയതിൽ ദുഃഖമുണ്ട്. പണം കൊടുത്തു സഹായിക്കണ്ട. പക്ഷേ, പിടിച്ചു നിൽക്കാൻ ഒരു കൈതാങ്ങ് നൽകാമായിരുന്നു. ’’ ഒരു വൈകാരിക കമന്റ് ഇങ്ങനെയാണ്. തിരുമലയിലെ ഒരു ബിജെപി നേതാവ് അനിലിന്റെ ബാങ്കിൽ നിന്ന് 35 ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ പറ്റിച്ചെന്നും പ്രവർത്തകർ പേര് സഹിതം കമന്റിട്ടിട്ടുണ്ട്.









0 comments