'കൈരളി ആണേൽ നീ അവിടെ നിന്നാൽ മതി'; വനിതാ മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തി രാജീവ് ചന്ദ്രശേഖർ

rajeev chandra-shekhar
വെബ് ഡെസ്ക്

Published on Sep 21, 2025, 04:40 PM | 1 min read

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ ക‍ൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്കെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൈരളിയിലെ മാധ്യമപ്രവർത്തകയ്ക്ക് നേരെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ അധിക്ഷേപം.


‘കൈരളി ആണേൽ നീ അവിടെ നിന്നാൽ മതി, നീ നിന്നാൽ മതി അവിടെ, നീ ചോദിക്കരുത്, നീ ചോ​ദിക്കരുത്, മറുപടി തരില്ല’- എന്നായിരുന്നു രാജീവ് ആ​ക്രോശിച്ചത്. പിന്നാലെ കൈരളി ന്യൂസിന്റെ ചോദ്യങ്ങളോട് കാണിച്ചുതരാമെന്ന് രാജീവ് ചന്ദ്രശേഖർ ഭീഷണി മുഴക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പും അനിലിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായി രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ബിജെപി അധ്യക്ഷനെ ചൊടിപ്പിച്ചത്.


ശനിയാഴ്ച രാവിലെ തിരുവനന്തപുരം കോർപറേഷനിലെ വാർഡ് കൗൺസിൽ ഓഫീസിനുള്ളിലാണ് അനിൽ കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും ബിജെപി ആക്രമണം അഴിച്ചുവിട്ടിരുന്നു. ദേശാഭിമാനി ചീഫ് ഫോട്ടോ​ഗ്രാഫർ ജി പ്രമോദിനെ കയ്യേറ്റം ചെയ്ത് കാമറ നശിപ്പിച്ചു. വനിതാ മാധ്യമപ്രവർത്തകരെയടക്കം മർദിച്ചു. ന്യൂസ് 18 കേരളം, മാതൃഭൂമി, റിപ്പോർട്ടർ ടിവി, 24 ന്യൂസ് ചാനലുകളിലെ കാമറമാന്മാരെയും ന്യൂസ് മലയാളം, മാതൃഭൂമി ന്യൂസ് ചാനലുകളിലെ വനിതാ മാധ്യമപ്രവർത്തകരെയും കയ്യേറ്റം ചെയ്തു. നിരവധിപേർക്ക് പരിക്കേറ്റു.


വലിയശാലയിലെ ഫാം ആൻഡ് ടൂർ കോപ്പറേറ്റീവ് സൊസൈറ്റിയിൽ അനിൽ ഭാരവാഹിയായിരുന്നു. ഇവിടെ സാമ്പത്തിക പ്രതിസന്ധി വന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ബിജെപി നേതാക്കളെയും സംസ്ഥാന നേതൃത്വത്തെയും പ്രശ്നം ധരിപ്പിച്ചിട്ടും പാർടി സഹായിച്ചിരുന്നില്ല. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും പ്രശ്നം പരിഹരിക്കാൻ പാർടി ഇടപെടൽ നടത്തിയില്ലെന്നും അനിലിന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. ബിജെപി നേതൃത്വത്തിനെതിരെയും അനിൽ കുറിച്ചതായാണ് വിവരം. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു അനിൽ.



deshabhimani section

Related News

View More
0 comments
Sort by

Home