മക്കളുടെ ആഗ്രഹം നിറവേറ്റി ഡിവൈഎഫ്‌ഐ: രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒറ്റ കുഴിമാടത്തിൽ

പുത്തുമല ശ്‌മശാനത്തിൽ രണ്ടിടങ്ങളിലായി സംസ്‌കരിച്ച മുള്ളത്ത്‌തെരുവ് രാജമ്മയുടെ ശരീരഭാഗങ്ങൾ ഒരു കുഴിമാടത്തിലേക്ക് മാറ്റുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ
കൽപ്പറ്റ : ഉരുൾദുരന്തത്തിൽ മരിച്ച് പുത്തുമല പൊതുശ്‌മശാനത്തിൽ രണ്ടിടങ്ങളിലായി സംസ്‌കരിച്ച മുള്ളത്ത്‌തെരുവ് രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒരു കുഴിമാടത്തിലാക്കണമെന്ന മക്കളുടെ ആഗ്രഹം നിറവേറ്റി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്. വെള്ളിയാഴ്‌ച ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കുഴിമാടം തുറന്ന് ശരീരഭാഗം പുറത്തെടുത്ത് ഒരിടത്ത് സംസ്‌കരിച്ചു.
ഉരുളിൽപ്പെട്ട് തിരിച്ചറിയാനാകാതെയാണ് രാജമ്മയുടെ ശരീരഭാഗങ്ങൾ സംസ്‌കരിച്ചിരുന്നത്. ഡിഎൻഎ ഫലം പുറത്തുവന്നപ്പോഴാണ് പുത്തുമലയിലെ ശ്മാശാനത്തിൽ രണ്ടുകുഴിയിലായി രാജമ്മയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അന്ത്യകർമങ്ങളടക്കംചെയ്യാൻ ബുദ്ധിമുട്ടുന്നതറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ആവശ്യമായ അനുമതി വാങ്ങിയെടുത്ത് ബന്ധുക്കൾക്ക് ആശ്വാസമാകുകയായിരുന്നു. ദുരന്തത്തിൽ രാജമ്മയുടെ മകൻ അനീഷിന്റെ മൂന്നുമക്കളും മരിച്ചിരുന്നു. തിരിച്ചറിയാതെയാണ് സംസ്‌കരിച്ചതെങ്കിലും എല്ലാവരും അടുത്തടുത്ത കുഴിമാടങ്ങളിലാണ്. രാജമ്മയുടെ ശരീരഭാഗം ഇതിനുസമീപത്തേക്കാണ് മാറ്റിയത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്, പ്രസിഡന്റ് കെ ആർ ജിതിൻ, കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി ശംസുദ്ദീൻ, പ്രസിഡന്റ് അർജുൻ ഗോപാൽ, രജീഷ്, ഷെറിൻ ബാബു, കെ ആസിഫ്, പി വൈഷ്ണവ് തുടങ്ങിയവരാണ് കുടുംബത്തിന് കൈത്താങ്ങായത്.









0 comments