തകർത്തുപെയ്‌തിട്ടും കണക്കിലില്ല

എൻ കെ സുജിലേഷ്
Published on Aug 19, 2025, 12:58 AM | 1 min read
കണ്ണൂർ
തകർത്തുപെയ്‌തിട്ടും സംസ്ഥാനത്ത് മഴ കണക്കിൽ കുറവ്. സാധാരണഗതിയിൽ പെയ്യേണ്ടിയിരുന്ന മഴ, ജൂൺ ഒന്നുമുതൽ തിങ്കൾ വരെ കണക്കുപ്രകാരം കേരളത്തിൽ 12 ശതമാനവും ലക്ഷദ്വീപിൽ 11 ശതമാനവും കുറഞ്ഞു. ഇൗ കാലയളവിൽ കേരളത്തിൽ 1416.5 മില്ലിമീറ്റർ മഴയാണ് പെയ്‌തത്. 1603.7 മില്ലീമീറ്റർ പെയ്യേണ്ടയിടത്താണിത്. ലക്ഷദ്വീപിൽ 747 മില്ലീമീറ്റർ പെയ്യേണ്ടിടത്ത് 663 മില്ലീമീറ്ററായും ചുരുങ്ങി. മഴ ദുരിതംവിതച്ച വയനാട്ടിൽ ഇൗ വർഷം മഴക്കുറവ് 39 ശതമാനമാണ്.
ഭൂമിശാസ്‌ത്ര വകുപ്പിനുകീഴിലുള്ള മെറ്റീരിയോളജിക്കൽ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ജൂൺ ഒന്നുമുതൽ തിങ്കൾ വരെയുള്ള യഥാർഥ മഴയും ലഭിക്കേണ്ടിയിരുന്ന മഴയും ബ്രാക്കറ്റിൽ): തിരുവനന്തപുരം 621 (603), കൊല്ലം 917 (926), കോട്ടയം 1300 (1473), പത്തനംതിട്ട 1355 (1188), ഇടുക്കി 1363 (2002), എറണാകുളം 1502 (1651), ആലപ്പുഴ 1222 (1244), തൃശൂർ 1702 (1695), പാലക്കാട് 1148 (1243), മലപ്പുറം 1211 (1579), വയനാട് 1248 (2034), കോഴിക്കോട് 1724 (2106), മാഹി 2068 (1980), കണ്ണൂർ 2405 (2176), കാസർകോട് 2155 (2369).
പത്തനംതിട്ടയിലാണ് ഇൗ സീസണിൽ കണക്കിലും കൂടുതൽ മഴ ലഭിച്ചത്. രണ്ടാമത് കണ്ണൂരിലും. യഥാക്രമം പതിനാലും പതിനൊന്നും ശതമാനമാണ് വർധന. തിരുവനന്തപുരം ജില്ലയിൽ മൂന്നും മാഹിയിൽ നാലും ശതമാനത്തിന്റെ വർധനയുണ്ടായി. മറ്റെല്ലായിടത്തും മഴലഭ്യത കുറവാണെന്ന് കാലാവസ്ഥാവകുപ്പിന്റെ കണക്ക് സൂചിപ്പിക്കുന്നു. ഇടുക്കിയിലും പാലക്കാടും വയനാട്ടിലുമാണ് ഏറ്റവും കുറവ്. ഇടുക്കിയിൽ 32ഉം മലപ്പുറത്ത് 23 ശതമാനവുമാണ് കുറവ്.
കഴിഞ്ഞ വർഷം ജൂൺ ഒന്നുമുതൽ സെപ്‌തംബർ 30വരെ കേരളത്തിൽ 13 ശതമാനമാണ് മഴ ലഭ്യത കുറഞ്ഞത്. കണ്ണൂരിലും തിരുവനന്തപുരത്തും മാഹിയിലും മാത്രമായിരുന്നു വർധന. കണ്ണൂരിൽ 15ഉം തിരുവനന്തപുരത്ത് മൂന്നും മാഹിയിൽ 26ഉം ശതമാനമാണിത്.









0 comments