മഴക്കെടുതി: 21 വീടുകൾ പൂർണമായും തകർന്നു; ക്യാമ്പുകൾ സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം: മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്നും സംസ്ഥാനത്ത് മെയ് 29, 30 തീയതികളിൽ മഴയും കാറ്റും വർധിക്കുമെന്നും മന്ത്രി കെ രാജൻ. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി ശക്തമായ മഴ തുടരും. പ്രത്യേക ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ നാലഞ്ച് ദിവസം മഴയും കാറ്റും തുടരും. സംസ്ഥാനത്ത് പരക്കെ മഴ കിട്ടിയിട്ടുണ്ട്. 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായും തകർന്നുവെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാനത്ത് 4000ത്തോളം ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 16 ക്യാമ്പിൽ 467 ആളുകളുണ്ട്. മഴക്കെടുതി നേരിടാൻ സംസ്ഥാനം ആകെയും സജ്ജമാണ്. ജാഗ്രത വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നുണ്ട്.
ഡാമുകളിൽ അപകട സാഹചര്യമില്ല രാത്രി കാലങ്ങളിൽ ഒരു സാഹചര്യത്തിലും ഡാം തുറക്കില്ല. സ്ഥിതി ഗതികൾ പരിശോധിച്ച് അതത് സമയങ്ങളിലെ കണക്ക് അപ്ഡേറ്റ് ചെയ്യും. മലയോര മേഖലയിൽ ഇന്ന് രാവിലെ എട്ടു മണി വരെ ശരാശരി 500 എം എം മഴ ലഭിച്ചിട്ടുണ്ട്. മലയോര മേഖലയിലുള്ള രാത്രിയാത്രയിൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
കാലവർഷക്കെടുതിയിൽ 5 മരണം
കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് അഞ്ച് മരണം. ആലപ്പുഴയിലും എറണാകുളത്തും രണ്ടുപേരും കൊല്ലത്ത് ഒരാളുമാണ് മരിച്ചത്. ആലപ്പുഴ ബീച്ചിൽ കാറ്റിൽ താൽക്കാലിക തട്ടുകടയുടെ ഷെഡ് ദേഹത്തുവീണ് തിരുമല വാർഡിൽ രതി ഭവനിൽ നിത്യ ജോഷിയും (18) വെള്ളത്തിൽവീണ് കൈനകരി വടക്ക് മുളമറ്റം കുപ്പപ്പുറം ഓമനക്കുട്ടനു(53)മാണ് മരിച്ചത്.
എറണാകുളം കൂത്താട്ടുകുളം പാലക്കുഴയിൽ കിഴക്കേക്കരവീട്ടിൽ വെള്ളാനി (80) പൊട്ടിവീണ ലൈനിൽനിന്ന് ഷോക്കേറ്റും ആരക്കുഴ പെരുമ്പല്ലൂർ കുറ്റിയറവീട്ടിൽ ജോബിൻ ജോസഫ് (41) മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ടും മരിച്ചു. കൊല്ലം കരുനാഗപ്പള്ളി വേൾഡ് വിഷൻ സുനാമി ടൗൺഷിപ്പിൽ താമസിക്കുന്ന പൂങ്കോയിക്കൽ മധുപാലനെ (67) വെള്ളക്കെട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മണ്ണാർക്കാട് കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട ഷൊർണൂർ ചളവറ കയില്യാട് വേമ്പലത്തുപാടം കൂരിയാട്ടുപറമ്പിൽ മുബിന് (26) വേണ്ടി തിരച്ചിൽ തുടരുന്നു. തിങ്കളാഴ്‌ച ഗുരുവായൂർ– തൃശൂർ റെയിൽപ്പാതയിലും കാസർകോട്–-കുമ്പള സ്റ്റേഷനുകൾക്കിടയിലും തിരുവനന്തപുരത്ത് ഇടവയ്‌ക്കും കാപ്പിലിനും ഇടയിലും കോഴിക്കോട് അരീക്കാടും റെയിൽപ്പാളത്തിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. പടിഞ്ഞാറേ ചാലക്കുടിയിൽ മിന്നൽച്ചുഴലിയിൽ 20 വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണു.









0 comments