സൗജന്യ യാത്രാപാസ്‌ നിഷേധിച്ചു; സമരംചെയ്‌ത ലോക്കോ പൈലറ്റുമാരോട്‌ റെയിൽവേയുടെ പ്രതികാര നടപടി

rrb
avatar
എം അനിൽ

Published on Apr 14, 2025, 01:00 AM | 1 min read

കൊല്ലം : അമിത ജോലിഭാരം കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരംചെയ്‌ത ലോക്കോ പൈലറ്റുമാരോട്‌ റെയിൽവേയുടെ പ്രതികാര നടപടി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ 2024 ജൂൺ ഒന്നുമുതൽ 28വരെ സമരം ചെയ്‌ത ലോക്കോ പൈലറ്റുമാരിൽ 230 പേർക്കാണ്‌ കുടുംബസമേതം സൗജന്യ യാത്രയ്‌ക്കുള്ള പാസ്‌ നിഷേധിച്ചത്‌. എറണാകുളം, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ ഹോം ഡിപ്പോകളിൽപ്പെട്ടവരാണ്‌ ഇവർ. മൈനർ പെനാൽറ്റിയായി ഇവർക്ക്‌ 2026ലേക്കുള്ള സൗജന്യ യാത്രാപാസ്‌ നൽകില്ലെന്ന്‌ തിരുവനന്തപുരം ഡിവിഷനിലെ സീനിയർ ഡിവിഷണൽ ഇലക്‌ട്രിക്‌ എൻജിനിയർ കഴിഞ്ഞ ദിവസം ഓർഡർ ഇറക്കി.


ലോക്കോ പൈലറ്റുമാരുടെ ഡ്യൂട്ടിസമയം ഗുഡ്‌സ്‌ ട്രെയിനിൽ എട്ടുമണിക്കൂറായും പാസഞ്ചറിൽ ആറുമണിക്കൂറായും കുറയ്‌ക്കുക, തുടർച്ചയായ രാത്രിഡ്യൂട്ടി നാലിൽനിന്നു രണ്ടായി കുറയ്‌ക്കുക, ആഴ്‌ചയിൽ ഒരുദിവസം പ്രതിവാര വിശ്രമം അനുവദിക്കുക, മറ്റ്‌ യൂണിറ്റുകളിലേക്ക്‌ ഡ്യൂട്ടിക്ക്‌ കൊണ്ടുപോകുന്ന ലോക്കോ പൈലറ്റുമാരെ 36 മണിക്കൂറിനുള്ളിൽ ഹോം ഡിപ്പോയിലേക്ക്‌ തിരിച്ചെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.


ട്രെയിൻ സർവീസിനെ ബാധിക്കാത്ത വിധമായിരുന്നു സമരം. സമരംമൂലം ഒരു ട്രെയിൻ പോലും മുടങ്ങിയിരുന്നില്ല. എന്നിട്ടും സമരത്തിന്റെ പേരിൽ റെയിൽവേ ജീവനക്കാരോട്‌ പ്രതികാരനടപടി സ്വീകരിക്കുകയാണ്‌. സമരത്തിനു നേതൃത്വം നൽകിയ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ്‌ അസോസിയേഷൻ പ്രസിഡന്റിനെ തിരുവനന്തപുരത്തുനിന്ന്‌ എറണാകുളത്തേക്കും സെക്രട്ടറിയെ എറണാകുളത്തുനിന്ന്‌ നാഗർകോവിലിലേക്കും സ്ഥലംമാറ്റിയിരുന്നു. അഞ്ച്‌ ലോക്കോ പൈലറ്റുമാർക്ക്‌ ചുമത്തിയിരുന്ന മേജർ പെനാലിറ്റി ജോൺ ബ്രിട്ടാസ്‌ എംപി ഉൾപ്പെടെ ഇടപെട്ടാണ്‌ ഒഴിവാക്കിയത്‌



deshabhimani section

Related News

View More
0 comments
Sort by

Home