സുരക്ഷാ ആപ് ‘ദോസ്‌ത്’ ജീവനക്കാർക്ക് നൽകാതെ റെയിൽവേ

കെ എ നിധിൻ നാഥ്
Published on Jul 09, 2025, 08:26 AM | 1 min read
തൃശൂർ: ട്രാക്ക് ജീവനക്കാരുടെ സുരക്ഷയ്‌ക്കായി തയ്യാറാക്കിയ ദോസ്‌ത് മൊബൈൽ ആപ് ജീവനക്കാർക്ക് നൽകാതെ റെയിൽവേ. മൂന്നു മാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയം കണ്ടതാണ് ആപ്. 2008ൽ പ്രഖ്യാപിച്ച രക്ഷക് ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇതിനു പകരമാണ് ‘ദോസ്‌ത്’ കൊണ്ടുവന്നത്. 16 പേരുടെ ജീവനാണ് ട്രാക്കിൽ പൊലിഞ്ഞത്.
ട്രാക്കിൽ ജോലി ചെയ്യുന്ന കീമാനും മറ്റു തൊഴിലാളികൾക്കും ട്രെയിൻ വരുന്നുണ്ടെങ്കിൽ അലേർട്ട് നൽകുന്ന രീതിയിലാണ് ഡെലിവറിങ് ഒക്യൂപേഷണൽ സേഫ്‌റ്റി ഓൺ ട്രാക്ക് (ദോസ്‌ത്) തയ്യാറാക്കിയത്. വള്ളത്തോൾ നഗർ മുതൽ മുളങ്കുന്നത്തുകാവ് സ്റ്റേഷൻ വരെയായിരുന്നു മാർച്ചിൽ പരീക്ഷണം. പുറകെ എല്ലായിടത്തേക്കും ഇത് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ട്രാക്കിൽ ജോലി ചെയ്യുന്ന കീമാനും മറ്റു തൊഴിലാളികൾക്കും ട്രെയിൻ വരുന്നുണ്ടെങ്കിൽ ആപ്പിലൂടെ അലേർട്ട് ലഭിക്കും. വർഷങ്ങളായി ഡിആർഇയു നേതൃത്വത്തിൽ തൊഴിലാളികളുടെ സുരക്ഷയ്‌ക്കായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് ആപ് രൂപകൽപ്പന ചെയ്‌തത്. ട്രാക്കിൽ ജോലി ചെയ്യുന്നവർക്ക് ആ ട്രാക്കിലൂടെ ഓടുന്ന വണ്ടിയുടെ വിശദാംശങ്ങൾ അറിയാനാകും. മൊബൈലിൽ ആപ് ഇൻസ്റ്റാൾ ചെയ്‌ത് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് ജോലി ചെയ്യുന്ന സെക്ഷൻ തെരഞ്ഞെടുത്താൽ ആ ലൈനിൽ വരുന്ന ട്രെയിനിന്റെ അലേർട്ട് ലഭിക്കും.
ട്രാക്കിൽ ട്രെയിൻ വരുമ്പോൾ ‘ബ്ലോക്ക് സെക്ഷൻ ഒക്യുപൈഡ്’ എന്ന ശബ്ദ സന്ദേശമാണ് ലഭിക്കുക. അലാറം, വൈബ്രേഷൻ, ഫോൺ ലൈറ്റ് എന്നിവ ഒരുമിച്ച് പ്രവർത്തിക്കും. വണ്ടി എത്ര അകലെയാണെന്ന് മനസ്സിലാക്കി ട്രാക്കിൽനിന്ന് മാറാനാകും. സ്‌റ്റേഷനുകളിലെ സിഗ്നൽ കൺട്രോളിനു കീഴിലാണ് ആപ്പിന്റെ പ്രവർത്തനം.
ട്രെയിൻ വന്നാൽ ലഭിക്കുന്ന അലേർട്ട് ജീവനക്കാരൻ ശ്രദ്ധിക്കുന്നതുവരെ ചുവപ്പ് നിറത്തിലാണ് തെളിയുക. ഫോണിന്റെ ശബ്ദം 75ശതമാനത്തിൽ കുറയാതെ നിലനിർത്തും. ഫോണിൽ നെറ്റും റേഞ്ചുമില്ലെങ്കിലും പ്രവർത്തിക്കും. ഫോൺ ഉപയോഗിക്കുകയാണെങ്കിലും അലേർട്ട് ലഭിക്കും. അതേസമയം ജോലി ചെയ്യുന്ന ട്രാക്കിന്റെ വിവരം മാത്രമാണ് ലഭിക്കുന്നത്. രണ്ട് ലൈനിലും ട്രെയിൻ വരുന്നത് അറിയാനുള്ള സൗകര്യം വേണമെന്നും ആപ് ഉപയോഗിക്കുമ്പോൾ ഫോൺ ഹാങ് ആവുന്നത് തടയാൻ പ്രത്യേക സജ്ജീകരണം നൽകണമെന്നും ഡിആർഇയു ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments