പുതിയ ഉത്തരവ് തിരിച്ചടി: കുത്തനെ ഇടിഞ്ഞ് റെയിൽവേ പാർസൽ ബുക്കിങ്

കെ എ നിധിൻ നാഥ്
Published on Jan 08, 2025, 12:13 PM | 1 min read
തൃശൂർ> റെയിൽവേ പാർസൽ സംവിധാനം തകർത്ത് കേന്ദ്ര സർക്കാർ. സ്‌റ്റേഷനിൽ അഞ്ചുമിനിറ്റ് സ്‌റ്റോപ്പുള്ള ട്രെയിനുകളിൽ മാത്രം പാർസൽ അയക്കാൻ കഴിയൂവെന്ന പുതിയ ഉത്തരവാണ് തിരിച്ചടിയായത്. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് മാത്രം പ്രതിദിനം ശരാശരി 12 ടൺ പാർസലാണ് കയറ്റി അയച്ചിരുന്നത്. ഇത് എട്ട് ടണായി കുറഞ്ഞു.
സ്‌റ്റേഷനിൽ നിർത്തിയിരുന്ന 100 ഓളം ട്രെയിനുകളിലും പാഴ്‌സൽ അയക്കാനുള്ള സൗകര്യമുണ്ടായിരുന്നു. സിഡംബർ 15ന് നടപ്പാക്കിയ പുതിയ ഉത്തവ് പ്രകാരം അഞ്ചുമിനിറ്റ് സ്‌റ്റോപ്പുള്ള ട്രെയിനുകളിൽ മാത്രമേ പാർസൽ കയറ്റാൻ കഴിയു. ഇതനുസരിച്ച് സോഫ്‌റ്റ്‌വയറിൽ മാറ്റം വരുത്തിയതോടെ അഞ്ചുമിനിറ്റ് സ്‌റ്റോപ്പില്ലാത്ത ട്രെയിനുകളിൽ ബുക്ക് ചെയ്യാനാകില്ല.
തൃശൂരിൽ പാർസൽ സേവനം ലഭിക്കുന്ന ട്രെയിനുകളുടെ എണ്ണം അഞ്ചായി ചുരുങ്ങി. ഗുവാഹത്തി, ഗോരഖ്പൂർ, ബിലാസ്‌പൂർ, വേണാട് ട്രെയിനുകളാണ് അഞ്ച് മിനിറ്റ് നിർത്തുന്നത്. ഇതിൽ വേണാട് ചെറുദൂര ട്രെയിനാണ്. ഗുവാഹത്തി എക്‌സ്‌പ്രസിന്റെ പാർസൽ സംവിധാനം റെയിൽവേ സ്വകാര്യ വക്തികൾക്ക് പാട്ടത്തിന് നൽകിയതിനാൽ പാർസൽ കയറ്റാനാകില്ല. എറണാകുളം–- ബിലാസ്‌പൂർ ട്രെയിനിലെ പാർസലും പാട്ടത്തിന് നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഇതോടെ രണ്ട് ദീർഘ ദൂര ട്രെയിനിൽ മാത്രമാണ് പാർസൽ അയക്കാൻ കഴിയുക.









0 comments