തസ്‌തിക വെട്ടിക്കുറച്ച് റെയിൽവേ ; തൊഴിലവസരം നഷ്ടമാകുന്നവരിൽ പട്ടികവിഭാഗവും ഭിന്നശേഷിക്കാരും

കെ പ്രഭാത്
Published on Jan 01, 2025, 02:24 AM | 1 min read
കൊച്ചി
റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരം ഇന്ത്യൻ റെയിൽവേയിൽ നിയമനം നടത്താതിരിക്കുകയും തസ്‌തികകൾ വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നതിലൂടെ പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും തൊഴിലവസരം നഷ്ടമാകും. നിലവിൽ റെയിൽവേയിൽ 3.25 ലക്ഷം ഒഴിവുണ്ട്. കൂടാതെ ആകെയുള്ള 14,40,789 തസ്‌തികകളിൽ 28,816 എണ്ണംകൂടി വെട്ടിക്കുറയ്‌ക്കാൻ റെയിൽവേ ഉത്തരവിറക്കിയതോടെയാണ് നിലവിലെ ജീവനക്കാർക്കും തൊഴിൽരഹിതർക്കും ഒരുപോലെ ഇരുട്ടടിയായത്.
പട്ടികജാതി വിഭാഗത്തിൽ 48,750 (15 ശതമാനം), പട്ടികവർഗ വിഭാഗത്തിൽ 24,375 (7.50 ശതമാനം), ഒബിസി 87,750 (27 ശതമാനം) എന്നിങ്ങനെ ഒഴിവുകൾ നികത്താനുണ്ട്. ഭിന്നശേഷിവിഭാഗത്തിന് മൂന്നുശതമാനം സംവരണം നൽകാനുള്ള സുപ്രീംകോടതി ഉത്തരവിനും റെയിൽവേ മന്ത്രാലയം പുല്ലുവില കൽപ്പിക്കുന്നില്ല. ജനറൽ വിഭാഗത്തിൽമാത്രം 1,64,125 ഒഴിവുകളാണ് (50.50 ശതമാനം) ഉള്ളത്.
കാഴ്‌ചശക്തി ഇല്ലാത്തവർ, ചലനവൈകല്യമുള്ളവർ തുടങ്ങി 21 വിഭാഗങ്ങളിലായുള്ള ഭിന്നശേഷിക്കാർക്കായി 140 തസ്‌തികകൾ പ്രത്യേകം കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, തുടർനടപടിയില്ല.
റെയിൽവേ സ്റ്റേഷനുകളും ട്രെയിനിലെ കോച്ചുകളും ഭിന്നശേഷിസൗഹൃദമല്ലെന്നതും കടുത്ത വിവേചനമാണ്. യാത്രക്കാരുടെ അവശ്യസംവിധാനങ്ങളും ഉപഭോക്തൃസൗകര്യങ്ങളും സംബന്ധിച്ച, റെയിൽവേയുടെ 2018ലെ ഉത്തരവിന്റെ നഗ്നമായ ലംഘനമാണിത്.
2023–-24 സാമ്പത്തികവർഷം 1588 മില്യൺ ടൺ ചരക്കുകൾ റെയിൽവേ കൈകാര്യം ചെയ്‌തു. 6.7 ബില്യൺ യാത്രക്കാരുണ്ടായി. ഭീമമായ ഒഴിവുകളുടെ പശ്ചാത്തലത്തിലും അമിതജോലിഭാരവുമായി ജീവനക്കാരും തൊഴിലാളികളും പ്രവർത്തിച്ചതിനാലാണ് റെയിൽവേക്ക് ഈ നേട്ടം കൈവരിക്കാനായത്.









0 comments