മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ കോൺഗ്രസിന്റെ ‘പഠിച്ചപണി’ ; പരാതിക്കാർക്ക് അശ്ലീലവർഷം

തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനങ്ങൾ തെളിവ് സഹിതം തുറന്നുപറഞ്ഞവർക്ക് നേരെ അശ്ലീല വർഷവുമായി കോൺഗ്രസ് നേതാക്കളടക്കം രംഗത്ത്. അതിജീവിതമാർക്ക് നേരെ നേതാക്കൾ തരംതാണ പ്രതികരണവും അണികൾ സൈബർ ആക്രമണവുമാണ് അഴിച്ചുവിടുന്നത്. വി കെ ശ്രീകണ്ഠനും ദീപ്തി മേരി വർഗീസും ഷമ മുഹമ്മദുമാണ് രാഹുലിനെ ന്യായീകരിക്കാനും പീഡനം ഏറ്റുവാങ്ങിയവരെ മോശക്കാരാക്കാനും ആദ്യം രംഗത്തുവന്നത്. ‘ അർധവസ്‌ത്രം ധരിച്ച് മന്ത്രിമാരോടൊപ്പം ഫോട്ടോ എടുത്തവരാണ് പരാതിക്കാർ ’ എന്നാണ് ശ്രീകണ്ഠൻ പറഞ്ഞത്. പരാതിയുള്ളവർ രംഗത്തുവരട്ടെ, പരാതി കൊടുക്കട്ടെ, തെളിയിക്കട്ടെ എന്നാണ് മഹിളാ കോൺഗ്രസ് നേതാക്കളുടെ വാദം. പരാതിക്കാർ എല്ലാം കഴിഞ്ഞശേഷം രാഹുലിനെ കുറ്റക്കാരനാക്കുന്നെന്ന പരസ്യ അധിക്ഷേപവും നടത്തുന്നുണ്ട്. മാങ്കൂട്ടത്തിലിനെ നിഷ്‌കളങ്കനായ ‘പുള്ളിമാനാക്കാ’നുള്ള നീക്കവും നടക്കുന്നുണ്ട്.

പരാതി പറയുന്നവർ മോശം സ്വഭാവമുള്ളവരാണെന്നാക്ഷേപിച്ചും യുഡിഎഫ് സർക്കാരിന്റെ കാലത്തെ വിവാദ സ്‌ത്രീകളോട് ഉപമിച്ചുമാണ് അണികളുടെ സൈബർ ആക്രമണം. ഇരകളുടെ മോർഫ്‌ചെയ്‌ത് അശ്ലീല ചിത്രവും, കാർഡും, പോസ്റ്റും ഇറക്കുന്നുമുണ്ട്. രാഹുലിനെതിരെ വ്യാഴാഴ്‌ച രംഗത്തുവന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി. താൻ കടുത്ത സൈബർ ആക്രമണം നേരിടുകയാണെന്ന് പരാതിക്കാരിയായ ട്രാൻസ്‌ജെൻഡർ അവന്തിക സമൂഹമാധ്യമത്തിൽ കുറിച്ചു. മറ്റ് അതിജീവിതകളും പരാതിയുമായി മുന്നോട്ടുവന്നു.
അതേസമയം, രാഹുൽ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന് മറ്റൊരു പെൺകുട്ടി കൂടി വെളിപ്പെടുത്തി. ഇൗ യുവതിയുമായി നടത്തിയ സംഭാഷണം വെള്ളിയാഴ്‌ച മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് മാരകമായ ഗുളികകൾ കഴിക്കാൻ നിർബന്ധിക്കുകയും ചെയ്‌തു. പീഡനം സഹിക്കവയ്യാതായപ്പോൾ പുറത്തുപറയും എന്ന് പറഞ്ഞു. അതിന് മറുപടിയും ‘ഐ ഡോൺഡ് കെയർ ’ എന്നായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.

പരാതിക്കാർ അർധവസ്‌ത്രക്കാർ വി കെ ശ്രീകണ്ഠന്‍ എംപി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മാധ്യമങ്ങളിൽ തെളിവുകളടക്കം നിരത്തി പരാതി പറഞ്ഞ സ്‌ത്രീകളെ അപമാനിച്ച് വി കെ ശ്രീകണ്‌ഠൻ എംപി. സ്‌ത്രീകളെ അപമാനിച്ചവരെ ന്യായീകരിച്ചും ഇരകളെ ആക്ഷേപിച്ചുമുള്ള ശ്രീകണ്‌ഠന്റെ പ്രസ്‌താവന വൻ വിവാദമായി. സ്വന്തം പാർടി പ്രവർത്തകയെക്കൂടിയാണ് എംപി ആക്ഷേപിച്ചത്.
മന്ത്രിമാർക്കൊപ്പം അർധവസ്‌ത്രത്തിൽ പോസ് ചെയ്യുന്നവരുടെ രാഷ്‌ട്രീയംകൂടി അന്വേഷിക്കണമെന്നാണ് ശ്രീകണ്‌ഠൻ ആവശ്യപ്പെട്ടത്. യുവനടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജ് ആണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മാധ്യമങ്ങളിലൂടെ ആദ്യം പരാതിപ്പെട്ടത്. ഇവർ കോൺഗ്രസ് പ്രവർത്തകയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അടുത്ത സുഹൃത്തുമാണ്.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് അദ്ദേഹവുമായി ചിത്രം എടുക്കാൻ കിട്ടിയ അവസരം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട യുവതിയാണ് റിനി. മാങ്കൂട്ടത്തിലിന്റെ നടപടിയെ തള്ളിപ്പറയാതെ, ഇരയെ ആക്രമിക്കുന്ന എംപിയുടെ നിലപാടിനെതിരെ വിമർശനം ഉയർന്നപ്പോള്‍ പിന്നീട് ശ്രീകണഠൻ പ്രസ്‌താവന തിരുത്തിയെങ്കിലും അതിന്റെ കുറ്റം മാധ്യമങ്ങളുടെ തലയിൽവെയ്‌ക്കാനായിരുന്നു ശ്രമം.








0 comments