വന കാഴ്‌ചകളുടെ വാതിൽ തുറന്നു; 336 ഏക്കറിൽ പക്ഷി മൃഗാദികൾക്ക് വിശാല ലോകം

തൃശൂർ: ഓടിച്ചാടി നടക്കുന്ന മൃഗങ്ങൾ, വിശാലയിടങ്ങളിൽ പാറിപ്പറന്ന് നടക്കുന്ന പക്ഷികൾ, പരിമിതികളില്ലാതെ വെള്ളത്തിലും കരയിലുമായി കഴിയുന്ന ഹിപ്പോപ്പൊട്ടാമസും മുതലയും. ഇവയെയെല്ലാം സുഖമായി കാണാൻ കഴിയുന്ന വ്യൂ പോയിന്റുകളോടുകൂടിയ സൗകര്യങ്ങളുമായാണ് തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക് നാടിന് സമർപ്പിച്ചതോടെ അതിവിശാലമായ വനലോക കാഴ്‌ചയാണ് വിനോദസഞ്ചാരികൾക്ക് തുറന്നുകിട്ടിയത്. ചെമ്പുക്കാവിലെ ഇടുങ്ങിയ കൂടുകളിൽ കഴിഞ്ഞിരുന്ന പക്ഷി മൃഗാദികൾക്ക് ഇനി വിശാലമായ പുതുലോകമാണ്. പ്രശസ്‌ത മൃഗശാല ഡിസൈനറായ ജോൺ കോയാണ് പാർക്ക് ഡിസൈൻ ചെയ്‌തത്.
മൃഗശാല എന്ന ആശയത്തെത്തന്നെ പുത്തൂരിൽ പുനർനിർമിക്കുകയായിരുന്നു കേരളം. വിശാലമായ ഭൂമികയിലേക്ക് തൃശൂർ മൃഗശാല മാറ്റി സ്ഥാപിക്കണമെന്ന പതിറ്റാണ്ട് കാലത്തെ ആവശ്യമാണ് എൽഡിഎഫ് സർക്കാരുകളുടെ നിശ്ചയദാർഢ്യത്തിൽ യാഥാർഥ്യമായത്. രാജ്യത്തെ ആദ്യ ഡിസൈൻ സൂ എന്ന ഖ്യാതി കൂടി സ്വന്തമാക്കുന്ന സുവോളജിക്കൽ പാർക്ക് 336 ഏക്കറിലാണ് നിർമിച്ചത്. കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനു പുറമെ 17 കോടി രൂപ കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.
പാർക്കിന്റെ അനുബന്ധമായി പെറ്റിങ് സൂ, പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹോളോഗ്രാം സൂ, മാൻ സഫാരി പാർക്ക് എന്നിവയുടെ നിർമാണവും നടക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച സൂ ആയി മാറുന്ന വിധത്തിലാണ് വിവിധഘട്ടങ്ങളിലായി തൃശൂർ സുവോളജിക്കൽ പാർക്ക് നിർമിച്ചത്. പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് മുഖ്യമന്ത്രി പാർക്ക് നാടിന് സമർപ്പിച്ചത്. ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, ആർ ബിന്ദു, സുവോളജിക്കൽ പാർക്ക് സ്‌പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, ഡയറക്ടർ ബി എൻ നാഗരാജൻ, കെ പി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ റോഷി അഗസ്‌റ്റിൻ, കെ കൃഷ്‌ണൻകുട്ടി, കെ രാധാകൃഷ്‌ണൻ എംപി, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് തുടങ്ങി രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.









0 comments