പുഷ്പൻ രക്തസാക്ഷിത്വവാർഷിക ദിനാചരണം 28ന്

പാനൂർ: കൂത്തുപറമ്പ് വെടിവയ്‌പ്പിൽ ഗുരുതരപരിക്കേറ്റ് സഹനജീവിതം നയിച്ച പുതുക്കുടി പുഷ്പന്റെ ഒന്നാം രക്തസാക്ഷിത്വവാർഷിക ദിനാചരണം ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് ജന്മനാടായ നോർത്ത് മേനപ്രത്ത് നടക്കും. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി പ്രഭാതഭേരി നടത്തും. വൈകിട്ട് ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ കേന്ദ്രീകരിച്ച് പതിനായിരങ്ങൾ അണിനിരക്കുന്ന വൈറ്റ് വളന്റിയർ മാർച്ചോടെയുള്ള പ്രകടനം നോർത്ത് മേനപ്രം കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക മന്ദിരത്തിന് സമീപം സമാപിക്കും.
സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്‌ക്കുശേഷം അനുസ്മരണ പൊതുസമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ സംസാരിക്കും. പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻപാട്ട് കലാമേളയും അരങ്ങേറും.
പാനൂർ കെ കെ രാജീവൻ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് നാലിന് പാനൂർ ബസ് സ്‌റ്റാൻഡിൽ നടക്കുന്ന "സഹനസൂര്യൻ പുഷ്പൻ ’ സ്മൃതി സദസ്സ് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. പുഷ്പന്റെ സഹനജീവിതം ആസ്പദമാക്കി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന പുസ്തകം "സഖാവ് പുഷ്പൻ’ 26ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും.
27ന് വൈകിട്ട് അഞ്ചിന് നോർത്ത് മേനപ്രം പുഷ്പൻ സ്മൃതിമണ്ഡപത്തിന് സമീപം സുഹൃദ് സംഗമം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും. നോർത്ത് മേനപ്രം കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ പുഷ്പന്റെ ഫോട്ടോ അനാച്ഛാദനവും നടക്കും. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ "പുഷ്പൻ രണസ്മരണ’ നടക്കും. വാർത്താസമ്മേളനത്തിൽ കിരൺ കരുണാകരൻ, കെ പി വിവേക്, കെ ഷിന്റു, വി ഉദയൻ, കെ കെ സഞ്ജയ്, സി പി പ്രഷീവ് എന്നിവർ പങ്കെടുത്തു.









0 comments