ഉരുൾ പ്രതിരോധം ; പുന്നപ്പുഴയ്‌ക്ക് 195.55 കോടിയുടെ സംരക്ഷണം

കൽപ്പറ്റ : ചൂരൽമലയെയും മുണ്ടക്കൈയെയും ഉരുൾഭീതിയിൽനിന്ന് കരകയറ്റാൻ പുന്നപ്പുഴയ്‌ക്ക് 195.55 കോടിയുടെ സംരക്ഷണം ഒരുക്കാൻ ബൃഹദ് പദ്ധതി. ഉരുൾ മുന്നറിയിപ്പ് സംവിധാനത്തിനും പുഴയ്‌ക്ക് കരുത്തും സംരക്ഷണവും ഒരുക്കിയുള്ള പ്രവൃത്തികൾക്കും ജലവിഭവ വകുപ്പ് മുന്നോട്ടുവച്ച പദ്ധതിക്ക് 195.55 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്.
ഉരുൾപൊട്ടലിന് പ്രതിരോധം തീർത്ത് പുഴയും ചുറ്റുപാടും നാലു പ്രവൃത്തികളാണ് നടത്തുക. ഉരുളിൽ അടിഞ്ഞ മണ്ണും പാറകളും മരത്തടികളും നീക്കുകയാണ് പ്രധാന ദൗത്യം. കരയിലെ ഉരുൾ അവശിഷ്ടങ്ങളും നീക്കും. ഉരുളിന്റെ അവശേഷിപ്പുകൾ മഴക്കാലത്ത് ഭീഷണി സൃഷ്‌ടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കും. ഗതിമാറി ഒഴുകുന്ന പുഴ നേരത്തെ ഉണ്ടായിരുന്ന വഴികളിലേക്ക് തിരിച്ചെത്തിക്കുന്ന പ്രവൃത്തിയും നടത്തും. എട്ട് കിലോമീറ്റർ പുഴ ഉരുളൊഴുക്കിനുശേഷം 6.9 കിലോമീറ്ററോളം ഗതിമാറി ഒഴുകുകയാണ്.
മണ്ണ്, പാറ തുടങ്ങിയവയുടെ ശാസ്‌ത്രീയ പരിശോധനയാണ് പ്രധാന പ്രവൃത്തികളിൽ മൂന്നാമത്തേത്. സമഗ്രമായി പഠിച്ചശേഷം ആവശ്യമായ സംരക്ഷണം ഒരുക്കുകയാണ് ലക്ഷ്യം. പുഴ സംരക്ഷണത്തിന് പുറമെ ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രത്തിൽ എഐ, ജിപിഎസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയുള്ള മുന്നറിയിപ്പ് സംവിധാനവും ഒരുക്കും.
ഭാവിയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയിൽ നിന്നെല്ലാം പുഴയെയും ചൂരൽമലയെയും സംരക്ഷിക്കുന്ന വിധത്തിലായിരിക്കും ആകെ പ്രവൃത്തി. പുഞ്ചിരിമട്ടം മുതൽ ചൂരൽമലവരെ 6.9 കിലോമീറ്ററിൽ ഗാബിയോൺ സംരക്ഷണ ഭിത്തികളൊരുക്കിയാണ് പുഴയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കുക.









0 comments