print edition ചെന്തീപടർത്തി മേനാശേരി ; ആയിരങ്ങളുടെ സ്‌മരണാഞ്‌ജലി

മേനാശേരി രക്തസാക്ഷി ദിനാചരണ സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
തുറവൂർ ആലപ്പുഴ)
‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തി, പിറന്നനാടിനായി യന്ത്രത്തോക്കുകളിൽനിന്നുള്ള വെടിയുണ്ടകളെ വിരിമാറിലേറ്റുവാങ്ങിയ മേനാശേരിയിലെ പോരാളികൾക്ക് ആയിരങ്ങളുടെ സ്‌മരണാഞ്‌ജലി. പുന്നപ്ര–വയലാർ വാരാചരണത്തിന്റെ ഭാഗമായി നടന്ന മേനാശേരി രക്‌തസാക്ഷി ദിനാചരണത്തിൽ നാടാകെ ഒഴുകിയെത്തി.
വെറും 13–ാം വയസിലും ധീരതയോടെ നാടിന്റെ മോചനത്തിനായി പൊരുതിയ അനഘാശയനും ഏറ്റുമുട്ടലിനിടെ പട്ടാളക്കാരന്റെ കൈ വെട്ടിവീഴ്‌ത്തിയ വേലായുധനും അടക്കമുള്ള അനശ്വര രക്‌തസാക്ഷികളുടെ സ്‌മരണയിൽ വിപ്ലവഭൂമി ത്രസിച്ചു. തിളയ്‌ക്കുന്ന ആവേശത്തോടെ, ചോരച്ച ധന്യവാദങ്ങൾ നേർന്ന യുവത നല്ലൊരു നാളെയെ തങ്ങൾക്ക് സമ്മാനിച്ചവരെ എക്കാലവും നാട് ഹൃദയത്തിലേറ്റുമെന്നതിന് നേർസാക്ഷ്യമായി.
ശനിയാഴ്‌ച വൈകിട്ട് പട്ടണക്കാട് പഞ്ചായത്തിലെ 21 വാർഡുകളിൽനിന്നും ചെറുപ്രകടനങ്ങൾ മേനാശേരി രക്‌തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേർന്നു. രക്‌തസാക്ഷി കുടുംബങ്ങളും സ്‌ത്രീകളും കുട്ടികളുമടക്കം പ്രകടനങ്ങളിൽ അണിനിരന്നു. തുടർന്ന്, രക്‌തസാക്ഷികൾക്ക് പുഷ്‌പചക്രം അർപ്പിച്ച് പുഷ്‌പാർച്ചന നടത്തി. ഇതിനുശേഷം പ്രകടനമായി പൊതുസമ്മേളന നഗരിയായ അനഘാശയൻ നഗറിൽ (പൊന്നാംവെളി) എത്തിച്ചേർന്നു.
അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. മേനാശേരി വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷനായി. ഇരു കമ്യൂണിസ്റ്റ് പാർടികളുടെ നേതാക്കളായ മന്ത്രി പി പ്രസാദ്, എ എം ആരിഫ്, മനു സി പുളിക്കൽ, എൻ എസ് ശിവപ്രസാദ്, എൻ പി ഷിബു, പി കെ സാബു, എം സി സിദ്ധാർഥൻ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി സെക്രട്ടറി ടി കെ രാമനാഥൻ സ്വാഗതം പറഞ്ഞു.









0 comments