പുന്നപ്പുഴയൊഴുകും പ്രകൃതിയോടിണങ്ങി

punnappuzha
avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on Mar 17, 2025, 01:24 AM | 1 min read


കൽപ്പറ്റ : മുണ്ടക്കൈ ഉരുൾപൊട്ടലിൽ പാറയും എക്കലും നിറഞ്ഞ ചൂരൽമല പുന്നപ്പുഴ പ്രതാപം വീണ്ടെടുക്കും. ഉരുളിൽ അടിഞ്ഞ മണ്ണും പാറകളും മരത്തടികളും നീക്കിയുള്ള പുഴ നവീകരണം ഏപ്രിലിന്‌ മുമ്പ്‌ ആരംഭിക്കും. ഒഴുകിയെത്തിയ പാറയും കല്ലും ഉപയോഗിച്ച്‌ പുഴയ്‌ക്ക്‌ സംരക്ഷണമാക്കും.


പുഞ്ചിരിമട്ടം മുതൽ ചൂരൽമലവരെ 6.9 കിലോമീറ്ററിലാണ്‌ സംരക്ഷണം (ഗാബിയോൺ) തീർക്കുക. കരയിലെ ഉരുൾ അവശിഷ്ടങ്ങളും നീക്കും. സ്ഥലം കൃഷിക്ക്‌ അനുയോജ്യമാക്കും. ഭൂമി ഉടമകൾക്ക്‌ തന്നെയാണ്‌. 65 കോടിയുടെ ബൃഹദ്‌ പദ്ധതിയിലൂടെയാണ്‌ പുന്നപ്പുഴയും ഇരുകരകളും വീണ്ടെടുക്കുക. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിശദ പദ്ധതിരേഖയ്‌ക്ക്‌ രണ്ടാഴ്‌ചക്കുള്ളിൽ ഭരണാനുമതിയാകും. മൂന്ന്‌ ഘട്ടങ്ങളായി തിരിച്ച്‌ എട്ടുമാസംകൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും.


ഗതിമാറി ഒഴുകുന്ന പുഴ നേരത്തെ ഉണ്ടായിരുന്ന വഴികളിലേക്ക്‌ തിരിച്ചെത്തിക്കുകയാണ്‌ ആദ്യദൗത്യം. രണ്ടാംഘട്ടം ഇരുവശങ്ങളിലും സംരക്ഷണഭിത്തി ഒരുക്കും. ഉരുൾ ഒഴുകിയ മുഴുവൻ പ്രദേശത്തെയും അവശിഷ്ടങ്ങൾ ഒഴിവാക്കി ഭൂമി കൃഷിയോഗ്യമാക്കിയാണ്‌ പ്രവൃത്തി പൂർത്തിയാക്കുക. ഉരുളിന്റെ അവശേഷിപ്പുകൾ മഴക്കാലത്ത്‌ ഭീഷണി സൃഷ്‌ടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ്‌ അടിയന്തരമായി പുഴ പുനഃക്രമീകരിക്കുന്നത്‌. കോൺക്രീറ്റ്‌ സംരക്ഷണ ഭിത്തിക്ക്‌ ബദലായാണ്‌ ഗാബിയോണിനെ ആശ്രയിക്കുന്നത്‌. ചതുരാകൃതിയിൽ നെറ്റ്‌ സ്ഥാപിച്ച്‌ അതിൽ കല്ലിറക്കി ഉറപ്പിക്കുന്നതാണ്‌ ഗാബിയോൺ നിർമാണ രീതി.


കല്ലും മരവും
ടൗൺഷിപ്പിലേക്ക്‌

ഉരുളൊഴുക്കിയ കല്ലും മരങ്ങളും ടൗൺഷിപ്പ്‌ നിർമാണത്തിന്‌ ഉപയോഗിക്കാൻ ആലോചന.

കല്ലുകൾ ചൂരൽമലയിൽ സംസ്‌കരിച്ച്‌ ടൗൺഷിപ്പ്‌ നിർമാണത്തിന്‌ ഉപയോഗിക്കാൻ കഴിയുമോയെന്ന സാധ്യതയാണ്‌ പരിശോധിക്കുന്നത്‌. ചൂരൽമല പുനർനിർമാണത്തിനായുള്ള പാലം, റോഡ്‌ പ്രവൃത്തികൾക്കും ഉരുളിന്റെ അവശേഷിപ്പുകൾ ഉപയോഗിച്ചേക്കും.




deshabhimani section

Related News

View More
0 comments
Sort by

Home