പുലിച്ചുവടിലമർന്ന് തൃശൂർ

തൃശൂരിൽ നടന്ന പുലിക്കളി . ഫോട്ടോ: ഡിവിറ്റ്‌പോൾ
കെ എൻ സനിൽ
Published on Sep 09, 2025, 01:50 AM | 1 min read
തൃശൂർ : ഒരൊറ്റ താളമായിരുന്നു ഇൗ സന്ധ്യയിൽ നഗരത്തിന്. രൗദ്രതാളത്തിലുറഞ്ഞ പുലിച്ചുവടുകളിൽ പ്രദക്ഷിണവഴി പ്രകമ്പനം കൊണ്ടു. പോക്കുവെയിലിനെ നിറങ്ങളിലാറാടിച്ച് പുലിക്കൂട്ടം ഇളകിയെത്തി. ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂർ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുലികളി നാടേറ്റെടുത്തു. നാലോണനാൾ തൃശൂർ ഉണർന്നത് പുലിത്താളത്തിലേക്കാണ്. വിവിധ ദേശങ്ങളിൽ പുലർച്ചെതന്നെ പുലിസംഘങ്ങൾ ഒരുക്കങ്ങളാരംഭിച്ചു. പരന്പരാഗത മെയ്യെഴുത്തുമുതൽ അത്യാധുനിക ത്രിഡി, എൽഇഡി സംവിധാനങ്ങൾ വരെ പുലിസംഘങ്ങൾക്ക് മിഴിവേകി.
നാട്ടുചെണ്ടകളുടെയും പെരുന്പറകളുടെയും താളത്തിനൊത്ത് അരമണികിലുക്കി ചുവടുവച്ച പുലിക്കൂട്ടത്തിനൊപ്പം കാണികളും ചുവടുവച്ചു. വൈകിട്ട് 4.30ഓടെ വെളിയന്നൂർ ദേശമാണ് ആദ്യം റൗണ്ടിൽ പ്രവേശിച്ചത്. ആദ്യസംഘത്തെ റവന്യൂമന്ത്രി കെ രാജനും എംഎൽഎമാരും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്‌തു. മേയർ എം കെ വർഗീസ് അധ്യക്ഷനായി.
പുലിസംഘങ്ങൾക്കുമുന്നിൽ അണിനിരന്ന കുട്ടിപ്പുലികൾ കാണികളുടെ ഓമനകളായി. നിശ്‌ചല ദൃശ്യങ്ങളും പുലിവണ്ടികളും ഓരോസംഘങ്ങളിലും വ്യത്യസ്‌തത പുലർത്തി. ഒന്പത് സംഘങ്ങളിലായി അഞ്ഞൂറോളം പുലികൾ അണിനിരന്നു.
അയ്യന്തോൾ, ശങ്കരംകുളങ്ങര, ചക്കാമുക്ക്, സീതാറാം മിൽ ദേശങ്ങളും നായ്‌ക്കനാൽ വഴി, നായ്‌ക്കനാൽ, പാട്ടുരായ്‌ക്കൽ ദേശങ്ങളും ബിനി ജങ്‌ഷൻ വഴി കുട്ടൻകുളങ്ങര ദേശവും കല്ല്യാൻ ജ്വല്ലേഴ്‌സ് പരിസരത്തുനിന്ന് വിയ്യൂർ ദേശവും റൗണ്ടിൽ പ്രവേശിച്ചു. ടൂറിസം വകുപ്പിന്റെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി റെസ്‌പോൺസിബിൾ ടൂറിസം പ്രചാരകരായ 12 അംഗ അന്താരാഷ്ട്ര സംഘം പുലികളി കാണാനെത്തി.
പുലികളിക്ക് തൃശൂർ കോർപറേഷൻ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഒരുക്കിയിരുന്നു. പങ്കെടുത്ത ഓരോ പുലികളി സംഘത്തിനും 3,12,500 രൂപ വീതം കോർപറേഷൻ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഓരോ സംഘത്തിനും 50,000 രൂപ വീതം അനുവദിച്ചു.









0 comments