എങ്ങും പുലിത്താളം ; പുലികളി ഇന്ന്‌

pulikali
avatar
ജോർജ്‌ ജോൺ

Published on Sep 08, 2025, 02:08 AM | 1 min read


തൃശൂർ

നാടൻ ചെണ്ടകളുടെയും പെരുന്പറകളുടെയും ര‍ൗദ്ര താളമാണെങ്ങും. ഇ‍ൗ പെരുന്പറയുടെ വന്യതാളത്തിൽ അരമണികിലുക്കി കുടവയർ കുലുക്കി പുലിക്കൂട്ടം ഇന്ന്‌ നഗരഹൃദയം ക‍‍ീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക്‌ ഇനി മണിക്കൂറുകൾ മാത്രം. 9 ടീമാണ്‌ നാലോണനാളിൽ നടക്കുന്ന പുലികളിയിൽ അണിനിരക്കുക.


തിങ്കളാഴ്‌ച വൈകിട്ട്‌ 4.30ന്‌ വെളിയന്നൂർ സംഘത്തിന്‌ സ്വരാജ്‌ റൗണ്ട്‌ തെക്കേ ഗോപുരനടയിൽ മേയർ എം കെ വർഗീസിന്റെ അധ്യക്ഷതയിൽ മന്ത്രിമാരും എംഎൽഎമാരും ചേർന്ന്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ലെയ്‌ൻ, ചക്കാമുക്ക്‌, നായ്‌ക്കനാൽ, വിയ്യൂർ യുവജനസംഘം, ശങ്കരംകുളങ്ങര, വെളിയന്നൂർ ദേശം, പാട്ടുരായ്‌ക്കൽ ടീമുകളുടെ പുലികളാണ് നഗരവീഥികളെ പ്രകന്പനം കൊള്ളിക്കുക.


ബിനി ജങ്‌ഷന്‍ വഴി കുട്ടന്‍കുളങ്ങര ദേശവും കല്ല്യാണ്‍ജ്വല്ലേഴ്സിന് സമീപത്തുനിന്നും വിയ്യൂർ യുവജനസംഘവും നടുവിലാല്‍ ജങ്‌ഷന്‍ വഴി ശങ്കരംകുളങ്ങരദേശവും നായ്‌ക്കനാൽ ജങ്‌ഷൻ വഴി അയ്യന്തോള്‍, ചക്കാമുക്ക്, സീതാറാം മില്‍ ദേശ ടീമുകളും നായ്ക്കനാല്‍ ജങ്‌ഷന്‍ വഴി നായ്ക്കനാല്‍ ദേശവും പാട്ടുരായ്ക്കല്‍ദേശവും സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. നടുവിലാൽ ഗണപതിക്ക്‌ നാളികേരമുടച്ച്‌ പുലികള്‍ സ്വരാജ്‌ റൗണ്ട്‌ ചുറ്റും.


ഓരോ സംഘത്തിലും രണ്ട്‌ ദീപാലംകൃതമായ നിശ്ചല ദൃശ്യവും ഒരു പുലി വണ്ടിയും ഉണ്ടാവും. കോർപറേഷന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്ലോട്ടും ഉണ്ടാവും. പുലി വരയ്‌ക്ക്‌ ആദ്യമായി ഇത്തവണ സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്‌. പുലികളി ഇ‍ൗ വർഷം 50 ലക്ഷംരൂപക്ക്‌ ഇൻഷുറൻസ്‌ ചെയ്‌തിട്ടുണ്ട്‌.


പുലികളി സംഘങ്ങൾക്ക്‌ കോർപറേഷൻ 3,12,500-രൂപ സഹായധനമായി നൽകും. ആദ്യഗഡുവായി 1,56,000 -രൂപ നൽകി. ഒന്നാം സമ്മാനം 62,500- രൂപയും രണ്ടാം സമ്മാനം 50,000-രൂപയും മൂന്നാം സമ്മാനം 43,750-രൂപയുമാണ്.




deshabhimani section

Related News

View More
0 comments
Sort by

Home