പി ടി ഫൈവ് ദൗത്യം; കൊമ്പനെ ഉൾക്കാട്ടിൽ വിട്ടു

PHOTO: ശരത് കൽപാത്തി
പാലക്കാട്: പാലക്കാട് പി ടി ഫൈവ് എന്ന് പേരുള്ള ചുരുളിക്കൊമ്പനെ തിരിച്ച് ഉൾക്കാട്ടിൽ വിട്ടു. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് എത്തിച്ച വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ഉപയോഗിച്ചാണ് പി ടി ഫൈവിനെ ഉൾക്കാട്ടിലെത്തിച്ചത്.
ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ കണ്ണിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടി വച്ച് പിടിക്കുകയും ചികിത്സ നൽകുകയും ചെയ്തു. റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യവും പൂർത്തിയാക്കി. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിന് പിന്നിൽ. ആഴത്തിലുള്ള മുറിവുകളോ മറ്റ് പരുക്കുകളോ ആനയുടെ ശരീരത്തിൽ ഇല്ല എന്നാണ് വിവരം.
തിരിച്ച് ഉൾകാട്ടിലേക്കയച്ച ആനയെ 20 ദിവസം നിരീക്ഷിക്കുമെന്ന് ഡോ. അരുൺ സക്കറിയ പറഞ്ഞു. നൂറോളം പേരാണ് പി ടി ഫെെവുമായി ബന്ധപ്പെട്ട ദൗത്യത്തിന്റെ ഭാഗമായത്.
30നു 35നും ഇടയിൽ പ്രായമുള്ള ആനയുടെ രണ്ട് കണ്ണിനും തകരാർ സംഭവിച്ചതെങ്ങനെയന്ന് വ്യക്തമായിട്ടില്ല. മദപ്പാട് ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ ആന തമിഴ്നാട്ടിലെ കാടുകളിലേക്ക് പോകാറുണ്ട്. ഇങ്ങനെ കഴിഞ്ഞ വർഷം പോയി മടങ്ങിയെത്തിയപ്പോഴാണ് ഇടതുകണ്ണിന് കാഴ്ചക്കുറവ് കണ്ടെത്തിയത്. തുടർന്ന് ഇൗ വർഷം വലതു കണ്ണിനും കാഴ്ചക്കുറവ് കണ്ടെത്തി. ആനയ്ക്ക് കണ്ണിന് മാത്രമാണോ പ്രശ്നം എന്നും വിദഗ്ധസംഘം പരിശോധിക്കും. ആനയെ മയക്കുവെടി വെച്ച് പിടിച്ച് ചികിത്സ ഉറപ്പാക്കണമെന്ന് വനം വകുപ്പ് മന്ത്രി നിർദേശം നൽകിയിരുന്നു.









0 comments