റാഞ്ചിയ ഹാൾടിക്കറ്റ് തിരികെ നൽകി പരുന്ത്; അധ്യാപിക പരീക്ഷയെഴുതി

കെ സി ലൈജുമോൻ
Published on Apr 11, 2025, 01:31 AM | 1 min read
കാസർകോട് : പിഎസ്‌സിയുടെ ഡിപ്പാർട്ട്‌മെന്റൽ ടെസ്‌റ്റ് എഴുതാനെത്തിയ അധ്യാപികയുടെ ഹാൾടിക്കറ്റ് പരുന്ത് റാഞ്ചി. കാസർകോട് ഗവ. യുപി സ്‌കൂളിൽ വ്യാഴം രാവിലെ ഏഴേകാലിനാണ് സംഭവം. ഏഴരയ്‌ക്ക് തുടങ്ങുന്ന പരീക്ഷയ്ക്കായി പുസ്‌തകവും ബാഗും മറ്റ് സാധനങ്ങളും ക്ലോക്ക് റൂമിൽവച്ച് പുറത്തിറങ്ങിയപ്പോഴാണ് കയ്യിൽനിന്ന് ഹാൾടിക്കറ്റ് പരുന്ത് കവർന്നത്. അൽപ്പനേരത്തെ ഒളിച്ചുകളിക്കൊടുവിൽ ഹാൾടിക്കറ്റ് താഴെയിട്ട് പരുന്ത് പറന്നുപോയി. അധ്യാപികയ്‌ക്ക് പരീക്ഷയും മുടങ്ങിയില്ല.
കാസർകോട് നഗരത്തിനടുത്തുള്ള സ്‌കൂളിലെ അധ്യാപികയാണ് അര മണിക്കൂറോളം ആശങ്കയിലായത്. ഡിപ്പാർട്ടുമെന്റൽ ടെസ്‌റ്റായതിനാൽ (കേരള ഫിനാൻഷ്യൽ കോഡ്) ഹാൾടിക്കറ്റിന്റെ വേറെ പ്രിന്റെടുക്കാനാകില്ല. ഹാൾടിക്കറ്റുതന്നെയാണ് തിരിച്ചറിയൽ രേഖയുമെന്നതിനാൽ, തിരിച്ചുകിട്ടിയില്ലെങ്കിൽ പരീക്ഷ മുടങ്ങുമായിരുന്നു. ഈ സമയം ഹാൾടിക്കറ്റുമായി സ്‌കൂളിന്റെ ജനാലയിലും പവലിയനിലെ ഇരുമ്പുകമ്പികളിലുമായി നീങ്ങുകയായിരുന്നു പരുന്ത്. ഒച്ചയുണ്ടാക്കിയാലോ കല്ലെറിഞ്ഞാലോ ദൂരേക്കുപോകുമോ എന്നായിരുന്നു അധ്യാപികയുടെ ഭീതി. ഇതിനിടെ, ക്ലാസിൽ കയറാൻ ബെല്ലും മുഴങ്ങി. ഒപ്പമുള്ളവരെല്ലാം ക്ലാസ്‌മുറിയിലേക്ക് പോയി. ആളൊഴിഞ്ഞതോടെ പരുന്ത് ഹാൾടിക്കറ്റ് താഴേയ്‌ക്കിട്ട് പറന്നുപോയി. തുടർന്നാണ് അധ്യാപികയ്ക്ക് പരീക്ഷയെഴുതാനായത്.









0 comments