കേരള സർവകലാശാല
സെനറ്റ് യോഗത്തിൽ പ്രതിഷേധം; ഡീനിനെ പുറത്താക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പ്രതിഷേധം. ജാതി അധിക്ഷേപം നടത്തിയ ഡീനിനെ പുറത്താക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഡീനിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി. സെനറ്റ് യോഗത്തിൽ ആരോപണ വിധേയയായ കേരള സർവകലാശാല ഡീൻ സി എൻ വിജയകുമാരി പങ്കെടുത്തു. സെനറ്റ് യോഗത്തിൽ നിന്നും വിജയകുമാരിയെ മാറ്റി നിർത്തണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഡീനിനെതിരെ നടപടിയെടുക്കുന്നത് വരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി.
കേരള സര്‍വകലാശാലയില്‍ ജാതിവിവേചനം നേരിട്ടുവെന്ന് കാണിച്ച് വിപിന്‍ വിജയന്‍ നൽകിയ പരാതിയില്‍ ഡീനിനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. എസ്‍സി–എസ്ടി ആക്ടിലെ 3(1) ആര്‍, എസ് എന്നീ സെഷനുകള്‍പ്രകാരമാണ് കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത വിഭാഗം മേധാവിയും ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി ഡീനുമായി ഡോ. സി എന്‍ വിജയകുമാരിയെ പ്രതിചേര്‍ത്ത്.
ഗവേഷക വിദ്യാര്‍ഥിയായ വിപിന് പിഎച്ച്‍ഡി ഓപ്പണ്‍ഡിഫന്‍സ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് തരില്ലെന്ന് പറയുകയും മറ്റ് അധ്യാപകരുടെയും ഗൈഡുമാരുടെയും മുന്നില്‍വച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ അധ്യാപകയുടെ ഔദ്യോഗിക മുറിയില്‍ പ്രവേശിച്ചാല്‍ മുറി അശുദ്ധമായെന്ന് പറഞ്ഞ് വെള്ളം തളിക്കാറുണ്ട്. ഇത് വിദ്യാര്‍ഥിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.
ഒക്ടോബര്‍ 10നാണ് കാര്യവട്ടം ക്യാമ്പസില്‍ വിപിന്റെ പിഎച്ച്ഡി ഓപ്പണ്‍ ഡിസ്കഷന്‍ നടന്നത്. സമിതി ചെയര്‍മാന്‍ അനിൽ പ്രതാപ് ഗിരി പിഎച്ച്‌ഡിക്ക് ശുപാര്‍ശ ചെയ്തെങ്കിലും ഡീനായ വിജയകുമാരി ഇതിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിക്ക് സംസ്കൃതം അറിയില്ലെന്നും പ്രചരിപ്പിച്ചു.
ഇതിനെതിരെ ഗവേഷകന്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. പൊലീസിലും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പട്ടികജാതി–പട്ടികഗോത്രവർഗ കമീഷനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാല വൈസ് ചാന്‍സലറോടും റിപ്പോര്‍ട്ട് തേടിയിരുന്നു.









0 comments