print edition ഹജ്ജിന്റെ പേരിൽ 8 കോടി തട്ടി; യൂത്ത് ലീഗ് നേതാവിനെതിരെ പ്രതിഷേധം

money fraud protest

പണം നഷ്ടമായവർ വി പി അഫ്സലിന്റെ ഉടമസ്ഥതയിലുള്ള ചെമ്മാട് ദാറുൽ ഈമാൻ ട്രാവൽസിന് മുന്നിൽ 
പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Oct 21, 2025, 12:01 AM | 1 min read

മലപ്പുറം : ഹജ്ജിന് കൊണ്ടുപോകാമെന്നുപറഞ്ഞ് എട്ടുകോടിയിലധികം രൂപ തട്ടിയ യൂത്ത് ലീഗ് നേതാവിനെതിരെ പ്രതിഷേധവുമായി പണം നഷ്ടപ്പെട്ടവർ. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം മുൻ ട്രഷറർ വി പി അഫ്സലിനെ ലീഗ് നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പ്രതിഷേധിച്ചത്. വി പി അഫ്സലിന്റെ ഉടമസ്ഥതയിലുള്ള ചെമ്മാട് ദാറുൽ ഈമാൻ ട്രാവൽസിന് മുന്നിലായിരുന്നു സമരം. ലീഗ്‌ നേതാവ്‌ 2023ലാണ്‌ പണം തട്ടിയത്.


ഹജ്ജ് തീർഥാടനത്തിന് അഞ്ചുമുതൽ ഏഴരലക്ഷം രൂപവരെ നൂറോളം പേരിൽനിന്നായി വാങ്ങി. വിവിധ സ്ഥലങ്ങളിൽ ഹജ്ജ് ക്ലാസുകളും സംഘടിപ്പിച്ചു. ഏജന്റുമാർ വഴി ആളുകളെ വാട്‌സാപ്‌ ഗ്രൂപ്പിൽ ചേർത്തായിരുന്നു തട്ടിപ്പ്. ഒന്നിലേറെ തവണ ഹജ്ജിന്‌ തീയതി അറിയിച്ചെങ്കിലും കൊണ്ടുപോയില്ല. തുടർന്ന് 54 പേർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. വടകര, കണ്ണൂർ ഭാഗങ്ങളിലുള്ളവർ അതത് പൊലീസ് സ്റ്റേഷനിലും പരാതി നൽകി. പൊലീസ് കേസെടുത്തതോടെ അഫ്സൽ ഒളിവിൽ പോയി.


ഇതിനിടെ ഒത്തുതീർപ്പ് ചർച്ചകളുമായി ബന്ധുക്കളെത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളും കെട്ടിടങ്ങളും കാണിച്ച് ഇത്‌ വിറ്റ് കടംവീട്ടുമെന്ന് അറിയിച്ചു. 34 പേർക്ക് 2025ൽ ഹജ്ജ് തീർഥാടനം വാഗ്ദാനം ചെയ്തു. എന്നാൽ അതും വഞ്ചിക്കപ്പെട്ടതോടെയാണ് പണം നഷ്ടമായവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ്‌ കേസെടുത്തതോടെ അഫ്സലിനെ യൂത്ത് ലീഗിൽനിന്ന്‌ പുറത്താക്കിയിരുന്നു. എങ്കിലും ഇദ്ദേഹത്തെ ഇപ്പോഴും ലീഗ് നേതൃത്വം സംരക്ഷിക്കുന്നുണ്ടെന്ന്‌ പ്രതിഷേധക്കാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home