അമേരിക്കയുടെ ഇറാൻ ആക്രമണത്തിൽ പ്രതിഷേധിക്കുക: സിഐടിയു

തിരുവനന്തപുരം: ഇറാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ പ്രതിഷേധിക്കണമെന്ന് തൊഴിലാളികളോട് സിഐടിയു സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. തൊഴിൽ കേന്ദ്രങ്ങളിൽ, സംസ്ഥാന വ്യാപകമായും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണം. അമേരിക്കൻ ആക്രമണം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കാനുള്ള നടപടിയാണ്.
ഇറാൻ ആണവായുധം വികസിപ്പിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ വ്യക്തമാക്കിയിട്ടും ആണവായുധ കേന്ദ്രം തകർക്കാനാണ് ആക്രമണം നടത്തിയതെന്ന അമേരിക്കയുടെ വാദം നിരർഥകമാണ്. ഇസ്രയേലും അമേരിക്കയും തമ്മിലുള്ള അവിശുദ്ധ ബന്ധം വ്യക്തമാക്കുന്നതാണിത്. ലോകത്ത് ആദ്യമായി ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ച അമേരിക്ക, ഇറാനിൽ ആണവായുധം നിർമിക്കുന്നു എന്നാരോപിക്കുന്നതിൽ ധാർമികതയില്ല. പലസ്തീനിൽ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രയേലിന് എല്ലാവിധ പിന്തുണയും നൽകുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കാടത്തത്തിനെതിരെ എല്ലാ മനുഷ്യസ്നേഹികളും പ്രതിഷേധിക്കണമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം അഭ്യർഥിച്ചു.









0 comments