ഡോ. എം ജി എസ് നാരായണന് ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ

MGS Mythri
വെബ് ഡെസ്ക്

Published on Apr 27, 2025, 01:13 AM | 3 min read

അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിത്വം: മുഖ്യമന്ത്രി


തിരുവനന്തപുരം: ചരിത്രത്തെ സങ്കുചിത താൽപ്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിക്കാനും തിരുത്തിയെഴുതാനും സംഘടിത ശ്രമം നടക്കുന്ന ഇക്കാലത്ത് എം ജി എസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് ഡോ. എം ജി എസ് നാരായണനെ വേറിട്ടു നിർത്തുന്നത്.


ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയാണ്‌. ഭരണാധികാരികളും ഭാഷാപണ്ഡിതരും നടത്തിവന്ന ചരിത്രരചനയിൽനിന്ന് വ്യത്യസ്തമായ പാതയാണ് എം ജി എസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പിൽക്കാലത്ത് പ്രമുഖ ചരിത്രകാരന്മാർ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, സാമൂഹിക ധർമം അപഗ്രഥിച്ച് ചരിത്രത്തിന്റെ ഭാഗമാക്കാനാണ് ശ്രമിച്ചത്. ചരിത്രത്തെയും ചരിത്രരചനയെയും വിജ്ഞാന രൂപമാക്കി വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു.


വീണ്ടും പഠിക്കാനും അപഗ്രഥിക്കാനുമുള്ള രചനകളാണ് സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കലിക്കറ്റ് സർവകലാശാലയുടെ ചരിത്രവിഭാഗം ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ നിലവാരത്തിലേക്ക് ഉയർന്നു. ഒരു ഘട്ടത്തിൽ ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും നിശിതമായ വിമർശനമുയർത്തുകയും ചെയ്തു. അതിനുശേഷം, ചരിത്രരചനയെ സങ്കുചിത താൽപ്പര്യങ്ങൾക്ക് അടിപ്പെടുത്താനുള്ള വലതുപക്ഷ സമ്മർദത്തെ ശക്തമായി ചെറുത്ത്‌ നിലപാട് സ്വീകരിച്ചു.


തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു. രാജ്യത്ത് സംഘപരിവാർ ഭരണത്തിൽ വർധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ 2015ൽ ശക്തമായ ഭാഷയിൽ മറ്റു ചരിത്രകാരന്മാർക്കൊപ്പം പ്രതിഷേധിച്ചു. നോട്ടുനിരോധനത്തെ വിമർശിച്ച എം ടി വാസുദേവൻ നായർക്കെതിരെ വിദ്വേഷ പ്രചാരണം നടന്നപ്പോൾ മതനിരപേക്ഷ കേരളത്തിന്റെ ശബ്ദമായി എംടിക്ക് ഉറച്ച പിന്തുണ നൽകി. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു–- മുഖ്യമന്ത്രി പറഞ്ഞു.


സ്പീക്കറും മന്ത്രിമാരും അനുശോചിച്ചു

തിരുവനന്തപുരം: ഡോ. എം ജി എസ് നാരായണന്റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് നിസ്തുലസംഭാവന നൽകിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. നിലപാടുകൾ വെട്ടിത്തുറന്നുപറയുന്ന ശൈലി ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു.


മന്ത്രിമാരായ കെ എൻ ബാല​ഗോപാൽ, പി രാജീവ്, വി ശിവൻകുട്ടി, എം ബി രാജേഷ്‌, ‌‍‌‌പി എ മുഹമ്മദ്‌ റിയാസ്‌, ആർ ബിന്ദു, വീണാ ജോർജ്‌, ഒ ആർ കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ, എ കെ ശശീന്ദ്രൻ, വി അബ്ദുറഹിമാൻ, വി എൻ വാസവൻ, സജി ചെറിയാൻ, കെ രാധാകൃഷ്‌ണൻ എംപി, സിപിഐ എം സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് എ കെ ബാലൻ, പ്രതിപക്ഷ നേതാവ്‌ ‌വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ തുടങ്ങിയവരും അനുശോചിച്ചു.


വലിയ നഷ്‌ടം: എം എ ബേബി


തിരുവനന്തപുരം: ഡോ. എം ജി എസ് നാരായണന്റെ നിര്യാണം കേരളചരിത്രപഠനത്തിന്‌ വലിയനഷ്‌ടമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ആധുനിക കേരളചരിത്രരചന ആരംഭിക്കുന്നത് ഇളംകുളം കുഞ്ഞൻപിള്ളയുടെ പഠനങ്ങളോടെയാണ്. കൊളോണിയൽ ചരിത്രപാരമ്പര്യത്തിൽനിന്ന് കേരളചരിത്രത്തെ വിമോചിപ്പിച്ചത് അദ്ദേഹമാണ്. ശിഷ്യനായ എം ജി എസ് നാരായണന്റെ നേതൃത്വത്തിലാണ് കേരളചരിത്രപഠനത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്.


ഇ എം എസ് ഉൾപ്പെടെയുള്ളവർ കേരളചരിത്രത്തിൽ നടത്തിയ മാർക്സിസ്റ്റ് ഇടപെടലുകളും ഇന്ത്യയിലെയും വിദേശത്തെയും മറ്റ് മാർക്സിസ്റ്റ് പണ്ഡിതരുടെ ചരിത്രപഠനങ്ങളും എം ജി എസിനെ സ്വാധീനിച്ചു. അതിന്റെ ഫലമായിരുന്നു കേരളത്തിലെ എം ജിഎ സ് സ്കൂൾ ഓഫ് ഹിസ്റ്ററി എന്ന് വിളിക്കാവുന്ന ചരിത്ര പഠനധാരയുടെ സ്ഥാപനം. പ്രൊഫ. കേശവൻ വെളുത്താട്ട്, പ്രൊഫ. രാജൻ ഗുരുക്കൾ, പ്രൊഫ. കെ എൻ ഗണേശ്, പ്രൊഫ. രാഘവവാര്യർ, പ്രൊഫ. പി കെ മൈക്കിൾ തരകൻ എന്നിവരെയെല്ലാം ഈ സ്കൂളിലെ പണ്ഡിതരാണെന്നു പറയാം. അവരുടെ സംഭാവനകൾക്ക് പിന്നിൽ എം ജി എസിന്റെ നേതൃത്വമുണ്ട്‌.


എം ജി എസിന്റെ പ്രധാനസംഭാവന ‘ പെരുമാൾസ്‌ ഓഫ്‌ കേരള ’ എന്ന ഗവേഷണപ്രബന്ധം ആണ്. അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് കാലത്തെ ഈ പുസ്തകം അടിസ്ഥാന ഗവേഷണത്തിന്റെ ഉറപ്പുകൊണ്ടും വീക്ഷണ മികവുകൊണ്ടും എന്നും നിലനിൽക്കും. അദ്ദേഹം കേരള ചരിത്രരചനയ്ക്ക് നൽകിയ സംഭാവനകൾ മൂല്യവത്താണ്. നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി എം എ ബേബി പറഞ്ഞു.


ചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച വ്യക്തിത്വം: എം വി ഗോവിന്ദൻ


തിരുവനന്തപുരം: ചരിത്രം ശാസ്ത്രീയമായി പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്ത വ്യക്തിത്വമാണ്‌ എം ജി എസിന്റേതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചരിത്രത്തിനൊപ്പം സഞ്ചരിക്കുകയും അമൂല്യ സംഭാവനകൾ നൽകുകയും ചെയ്തു. ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ, അധ്യാപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ ചരിത്ര നിഗമനങ്ങളെ സാധൂകരിക്കുന്ന രീതിയാണ്‌ അദ്ദേഹം അവലംബിച്ചത്. ഇത് പിൽക്കാല ഗവേഷകരെയും നിർണായകമായി സ്വാധീനിച്ചു.


രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായി എത്തിയ എം ജി എസ് ശാസ്ത്രീയ ബോധമുള്ള ചരിത്രകാരന്മാരെ വാർത്തെടുക്കാൻ നിതാന്ത ജാഗ്രത പുലർത്തി. ചരിത്ര പ്രാധാന്യമുള്ള നിരവധി പദ്ധതികൾക്ക്‌ നേതൃത്വം നൽകി പൂർത്തിയാക്കി. ചരിത്ര ഗവേഷണ മേഖലയിൽ നികത്താനാകാത്ത വിടവാണ് എം ജി എസിന്റെ വിയോഗം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



കേരള ചരിത്രപഠനത്തിന്റെ ഗതി മാറ്റിയ ചരിത്രകാരൻ: ടി പി രാമകൃഷ്ണൻ


തിരുവനന്തപുരം: കേരള ചരിത്രപഠനത്തിന്റെ ഗതിതന്നെ മാറ്റിയ ചരിത്രകാരനാണ് എം ജി എസ് എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. ചരിത്ര ഗവേഷണത്തിനും അവതരണത്തിനും തനത്‌ ശൈലി സ്വീകരിച്ച അദ്ദേഹം കോഴിക്കോടിന്റെ പ്രിയപ്പെട്ട ചരിത്രകാരൻകൂടിയാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.


വ്യക്തിബന്ധങ്ങളിൽ ഊഷ്മളത 
പുലർത്തിയ ഗവേഷകൻ: ബിനോയ്‌ വിശ്വം


തിരുവനന്തപുരം: വിഖ്യാതചരിത്രകാരനും ഗവേഷകനുമായ എം ജി എസ് നാരായണന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. പുരാതന ഇന്ത്യൻ ലിപികൾ മുതൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനംവരെയുള്ള വിശാല മേഖലകളിൽ അന്വേഷണദൃഷ്ടി പതിഞ്ഞു.


ആദ്യഘട്ടത്തിൽ മാർക്സിയൻ രീതിശാസ്ത്രമാണ് ചരിത്ര ഗവേഷണത്തിന്‌ അവലംബിച്ചത്. പിന്നീട് സംഘപരിവാറിന്റെ ആശയലോകത്തേക്ക് വഴിമാറി സഞ്ചരിച്ചു. ആശയ രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും വ്യക്തിബന്ധങ്ങളിൽ ഊഷ്മളത പുലർത്തിയ എം ജി എസിനെ മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home