നഴ്സിങ് കൗൺസിലിൽ പ്രോഗ്രസീവ് ഫോറത്തിന് ഉജ്വലവിജയം; ഭൂരിപക്ഷം 10,000

തിരുവനന്തപുരം: കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കേരള എൻജിഒ യൂണിയൻ, കെജിഒഎ, കെജിഎൻഎ, കെഎൻയു സംഘടനകളുടെ സംയുക്ത വേദിയായ പ്രോഗ്രസീവ് നഴ്സസ് ഫോറത്തിന് ഉജ്വല വിജയം. 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്ഥാനാർഥികൾ വൻവിജയം നേടിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നടത്തിയ കാപട്യങ്ങൾക്ക് തിരിച്ചടി നൽകിയാണ് പ്രോഗ്രസീവ് ഫോറത്തിന്റെ വിജയം. നഴ്സസ് ജനറൽ മണ്ഡലത്തിൽ എസ് എസ് ഹമീദ്, ഖമർ സമൻ, ഷൈനി ആന്റണി എന്നിവരും ടിഎൻഎഐ മണ്ഡലത്തിൽ എസ് എ അനീസയും പ്രൈവറ്റ് നഴ്സസ് മണ്ഡലത്തിൽ നിഷ സൂസൻ ഡാനിയേലും മിഡ് വൈവ്സ് മണ്ഡലത്തിൽ എൽ ദീപയും ഓക്സിലറി നഴ്സസ് ആൻഡ് മിഡ് വൈവ്സ് മണ്ഡലത്തിൽ കെ എസ് ലോലിത, ടി സി ഷീന എന്നിവരുമാണ് വിജയിച്ചത്.

പ്രോഗ്രസീവ് നഴ്സസ് ഫോറം സ്ഥാനാർഥികളെ വിജയിപ്പിച്ചവർക്ക് ചെയർമാൻ എം എ അജിത് കുമാറും കൺവീനർ ടി സുബ്രഹ്മണ്യനും നന്ദി പറഞ്ഞു. ആഹ്ലാദപ്രകടനവും നടന്നു. മാസവരിയുടെയും നിയമപോരാട്ടത്തിന്റെയും പേരിൽ നഴ്‌സുമാരിൽനിന്ന് കോടികൾ തട്ടിയതിൽ നിയമനടപടി നേരിടുന്ന യുഎൻഎ ഭാരവാഹികൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വലിയ കൃത്രിമമാണ് നടത്തിയത്. പോസ്റ്റൽ ബാലറ്റുകളിൽ വ്യാജവോട്ടുകൾ വ്യാപകമായി അവർ തിരുകിക്കയറ്റി. ഓക്സിലറി നഴ്‌സ് മിഡ്‌വൈഫ് മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ തരംതിരിച്ചു കഴിഞ്ഞതോടെ 57 ശതമാനവും വ്യാജമാണെന്ന് കണ്ടെത്തി. അംഗങ്ങളുടെ കൈയിൽനിന്ന് പണം തട്ടി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച് ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണ് യുഎൻഎയുടെ പ്രവർത്തനം. ദേശീയ പ്രസിഡന്റായ ജാസ്‌മിൻ ഷാ അടക്കം ഭാരവാഹികളായ ആറുപേർ 1.80 കോടി രൂപ തട്ടിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലും വ്യക്തമാണ്.
ഈ പണം ഉപയോഗിച്ച് ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിൽ ഫ്ലാറ്റും കാറുമടക്കം വാങ്ങിയതായി കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് ഹവാല പണം കടത്തിയെന്നാരോപിച്ച് ഇയാൾക്കെതിരെ ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സൗദി അറേബ്യയിലും മധ്യപൗരസ്ത്യ രാഷ്ട്രങ്ങളിലും കുടുങ്ങിയ നഴ്സുമാരെയും മറ്റും ഇന്ത്യയിലേക്ക് മടക്കിയെത്തിക്കുന്നതിന്റെ മറവിൽ കോടികൾ കടത്തിയെന്നാരോപിച്ച് എറണാകുളം സ്വദേശിയാണ് ഹർജി സമർപ്പിച്ചത്.









0 comments