പ്രൊഫ. വി ഗോപിനാഥ് അന്തരിച്ചു

കാസർകോട്: കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പലും ഉത്തരമേഖലാ കൊളേജിയേറ്റ് ഡയറക്ടറുമായിരുന്ന വിദ്യാനഗർ ചിന്മയ റസിഡൻഷ്യൽ കോളനിയിലെ പ്രൊഫ. വി ഗോപിനാഥ് (71) അന്തരിച്ചു. കേരള ശാസ്‌ത്ര സാങ്കേതിക വകുപ്പിന് പരിസ്ഥിതി കൗൺസിൽ അംഗം കൂടിയാണ്. കാസർകോട് നിന്നുള്ള പഠനയാത്രാ സംഘത്തോടൊപ്പം നിലമ്പൂരിലെത്തിയപ്പോഴാണ് അന്ത്യം.
ചൊവ്വ രാത്രി പന്ത്രണ്ടോടെ ശ്വാസതടസമുണ്ടായതിനെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്‌ചത്തെ പഠന സന്ദർശനത്തിനുള്ള രൂപരേഖ തയ്യാറാക്കിയ ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഭാര്യയും കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പലുമായ ശ്രീമതിയും ഒപ്പമുണ്ടായിരുന്നു. കാസർകോട് മേഖലയുടെ പുരോഗമന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിദ്യാഭ്യാസ- സാമൂഹ്യ- സാംസ്കാരിക സംഘടനകൾ, കലാ– സാഹിത്യ കൂട്ടായ്‌മകൾ, പൊതുപ്രവർത്തനങ്ങൾ എന്നിവയിലെല്ലാം നിറസാന്നിധ്യമായിരുന്നു. മടിക്കൈ ഐഎച്ച്‌ആർഡി കോളേജ് പ്രിൻസിപ്പലായി ഒരു ദശാബ്‌ദക്കാലം പ്രവർത്തിച്ചിട്ടുണ്ട്. യാത്രാപ്രിയരുടെ കൂട്ടായ്‌മയായ കാസർകോട് ട്രാവൽ ക്ലബിന്റെ മുഖ്യരക്ഷാധികാരിയാണ്.
മക്കൾ: ശ്രുതി മനോജ് (എൻജിനിയർ, അമേരിക്ക), ഡോ. ശ്വേത (കണ്ണൂർ). മൃതദേഹം ബുധനാഴ്‌ച ഉച്ചയോടെ കാസർകോടെത്തും. അമേരിക്കയിലുള്ള മകൾ എത്തിയശേഷമാണ് സംസ്‌കാരം.









0 comments