വയൽ നടത്തം, വന്യജീവിസങ്കേത സന്ദർശനം, 
 ക്രിക്കറ്റ്‌ ലീഗ്‌ ആസ്വദിക്കൽ എന്നിവ പ്രധാന പരിപാടികൾ

ആറ്‌ ദിവസമായി പ്രിയങ്ക വയനാട്ടിൽ ; കണ്ണീർക്കയത്തിലായ കോൺഗ്രസ്‌ കുട‍ുംബങ്ങളെ കാണാൻ നേരമില്ല

Priyanka Gandhi wayanad visit
വെബ് ഡെസ്ക്

Published on Sep 17, 2025, 02:32 AM | 1 min read


കൽപ്പറ്റ

ആറ്‌ ദിവസമായി വയനാട്ടിൽ നാടുചുറ്റുന്ന പ്രിയങ്ക ഗാന്ധി എം പിക്ക്‌ കോൺഗ്രസ്‌ നേതാക്കളുടെ ചതിയിൽ കണ്ണീർക്കയത്തിലായ കോൺഗ്രസ്‌ കുട‍ുംബങ്ങളെ കാണാനോ, ആശ്വസിപ്പിക്കാനോ സമയമില്ല. 12നാണ്‌ പ്രിയങ്ക ജില്ലയിൽ എത്തിയത്‌. കോൺഗ്രസ്‌ മുള്ളൻകൊല്ലി മണ്ഡലം വൈസ്‌ പ്രസിഡന്റും പഞ്ചായത്ത്‌ അംഗവുമായ ജോസ്‌ നെല്ലേടം ജീവനൊടുക്കിയത്‌ 13നാണ്‌. ജോസിന്‌ അന്തിമോപചാരം അർപ്പിക്കാൻ പ്രിയങ്ക എത്തുമെന്ന്‌ ബന്ധുക്കളും പാർടി പ്രവർത്തകരും പ്രതീക്ഷിച്ചെങ്കിലും അവഗണിച്ചു. ശനി വൈകിട്ട്‌ മൃതദേഹം മുള്ളൻകൊല്ലി പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ പൊതുദർശനത്തിനുവച്ചു. ഞായർ വൈകിട്ടായിരുന്നു സംസ്‌കാരം. ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സമയവും പ്രിയങ്കയ്‌ക്കായി പ്രവർത്തിച്ച നേതാവായിട്ടും തിരിഞ്ഞുനോക്കിയില്ല.


കോൺഗ്രസുകാരുടെ ചതിയിൽ ആത്മഹത്യചെയ്‌ത എൻ എം വിജയന്റെ മരുമകൾ പത്മജയും ജീവിതം വഴിമുട്ടി ആത്മഹത്യക്ക്‌ ശ്രമിച്ച്‌ ആശുപത്രിയിലായിരുന്നു. ഇവരെ സന്ദർശിക്കാനോ ഡിസ്‌ചാർജ്‌ ആയശേഷം വീട്ടിൽ കാണാനോ പ്രിയങ്ക എത്തിയില്ല. ചൊവ്വാഴ്‌ച ബത്തേരി ട‍ൗണിലെ റസ്‌റ്റ്‌ ഹ‍ൗസിലെത്തിയ പ്രിയങ്കയുടെ വിളിപ്പാടകലെ പത്മജയുണ്ടായിരുന്നു. കോൺഗ്രസുകാർ കള്ളക്കേസിൽ ജയിലിലടയ്‌ക്കുകയും 17 ദിവസത്തിനുശേഷം മോചിതനാവുകയുംചെയ്‌ത വാർഡ്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ തങ്കച്ചനെയും കാണാൻ കൂട്ടാക്കിയില്ല.


എന്നാൽ, മുത്തങ്ങ വന്യജീവി സങ്കേത സന്ദർശനവും, ക്രിക്കറ്റ്‌ ലീഗ്‌ ആസ്വദിക്കലും, വയൽ നടത്തവും, മതമേലധ്യക്ഷൻമാരെ കാണലും, പാട്ടും നൃത്തവും അന്പെയ്‌ത്തുമെല്ലാം മുറപോലെ നടന്നു. മാധ്യമങ്ങളെ അകറ്റിനിർത്തിയുള്ള സ്വകാര്യ സന്ദർശനങ്ങളായിരുന്നു ഏറെയും. ഒ‍ൗദ്യോഗിക പരിപാടി ചുരുക്കം. 20വരെ ജില്ലയിൽ ഉണ്ടാകുമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌.


മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ നയാപൈസ എംപി ഫണ്ടിൽനിന്ന്‌ ഇതുവരെ നൽകിയിട്ടില്ല. കേന്ദ്രം സഹായം തടഞ്ഞിട്ടും ഇടപെട്ടില്ല. ഇവരുടെയെല്ലാം കണ്ണീർവയലിലെത്തി നൃത്തംവച്ച്‌ നടക്കാൻ എംപിക്ക്‌ ഒരു മടിയുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home