വയനാട് തിരിച്ചുചോദിക്കുന്നു ; പ്രിയങ്കാ, ഞങ്ങൾ നീതിയും പിന്തുണയും അർഹിക്കുന്നു

കൽപ്പറ്റ
‘സഹാനുഭൂതിയും നീതിയും അടിയന്തരസഹായവും ആവശ്യപ്പെടുന്ന വിനാശം വിതച്ച ദുരന്തമായിരുന്നു വയനാട്ടിലെ ജനങ്ങൾ അഭിമുഖീകരിച്ചത്. അവർ നീതിയും പിന്തുണയും അന്തസ്സും അർഹിക്കുന്നു’– മുണ്ടക്കൈ ഉരുൾപൊട്ടലിലെ കേന്ദ്രസഹായവുമായി ബന്ധപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്രയുടെ കഴിഞ്ഞദിവസത്തെ പ്രസ്‌താവനയാണിത്. എന്നാൽ വയനാട്ടിലെ ജനത ഇത് പ്രിയങ്കയോടുതന്നെ തിരിച്ചുപറയുകയാണ്. ‘ഞങ്ങൾ നീതിയും പിന്തുണയും അർഹിക്കുന്നുവെന്ന്’.
കേരളം ആവശ്യപ്പെട്ട സഹായം ഭീമമായി വെട്ടിക്കുറച്ച് നാമമാത്ര തുക മാത്രം കേന്ദ്രം നൽകിയപ്പോൾ മണ്ഡലത്തിലെ എംപിയുടെ ഇടപെടൽ ഇൗ പ്രസ്‌താവനയിൽ ഒതുങ്ങി. അതിനപ്പുറം ഒന്നുമുണ്ടായില്ല. വയനാടിന് അർഹതമായത് നേടിയെടുക്കാൻ ഇതുവരെ എംപി ഇടപെട്ടില്ല. പുനരധിവാസ പ്രവർത്തനത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നയാപൈസ നൽകിയില്ല. എൽഡിഎഫിന്റെ എംപിമാരായ ജോണ്‍ ബ്രിട്ടാസ്, കെ രാധാകൃഷ്ണന്‍, ഡോ. വി ശിവദാസന്‍, എ എ റഹീം, പി പി സുനീര്‍, പി സന്തോഷ് കുമാര്‍, ജോസ് കെ മാണി എന്നിവരും മറ്റ് മൂന്ന് എംപിമാരുമാണ് എംപി ഫണ്ടിൽനിന്ന് തുക നൽകിയത്. ജോൺ ബ്രിട്ടാസ് ഒരുകോടി നൽകി. എന്നിട്ടും പ്രിയങ്ക സ്വന്തം മണ്ഡലത്തിലെ മനുഷ്യരെ മറന്നു.
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നൂറ് വീട് നിർമിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. 30 വീട് നിർമിക്കുമെന്ന് യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചു. ഇരുകൂട്ടരും ലക്ഷങ്ങൾ പിരിച്ചു. എന്നാൽ വീട് നിർമാണത്തിനുള്ള നടപടികളില്ല. പിരിച്ച പണം എത്രയെന്നോ, എന്തുചെയ്‌തെന്നോ വ്യക്തതയില്ല. വീട് നിർമാണം എന്തായെന്ന ചോദ്യത്തിനും പ്രിയങ്കക്ക് മൗനമാണ്. കെപിസിസിക്കും എഐസിസിക്കും മിണ്ടാട്ടമില്ല. ദുരന്തത്തിന്റെ പേരിൽ ജനങ്ങളിൽനിന്ന് പിരിച്ച പണം എന്തുചെയ്‌തെന്ന് വ്യക്തമാക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.









0 comments