ജമാഅത്തെ ഇസ്ലാമി - യുഡിഎഫ് കൂട്ടുകെട്ട്: കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണം- എം വി ഗോവിന്ദൻ

നിലമ്പൂർ: ജമാഅത്തെ ഇസ്ലാമി - യുഡിഎഫ് കൂട്ടുകെട്ടിൽ കോൺഗ്രസിന്റെ നിലപാട് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള അഖിലേന്ത്യ നേതാക്കൾ വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സോണിയാ ഗാന്ധിയടക്കമുള്ള അഖിലേന്ത്യാ കോൺഗ്രസ് നേതൃത്ത്വം മത നിരപേരക്ഷത ഉയർത്തിപ്പിടിക്കാനും വർഗീയതയെ ശക്തിയായി എതിർക്കുന്നതിനും സജീവ ശ്രമം നടത്തിയിരുന്നു. കേരളത്തിലെ യുഡിഎഫ് നേതാക്കൾ ജമാഅത്തെ ഇസ്ലാമിയുമായി ഐക്യപ്പെട്ടു. ഈ ഐക്യത്തെ ഏത് രീതിയിലാണ് കാണുന്നത് എന്ന് ജനങ്ങളോട് പരസ്യമായി പറയാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി എം പിക്കുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ പിന്തുണച്ചതിന് പിന്നാലെ സാഹിത്യകാരന്മാരും കലാകാരന്മാരും വലിയ സൈബർ ആക്രമണങ്ങൾ നേരിടുകയാണ്. അതെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി എം വി ഗോവിന്ദൻ വ്യക്തമാക്കി. നാനാതുറയിലുള്ള സാഹിത്യകാരന്മാരും എഴുത്തുകാരും സ്വരാജിന്റെ വിജയത്തിനായി വളരെ ശക്തിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള നിരവധി സാഹിത്യകാരന്മാരും കലാകാരന്മാരും എനിക്ക് നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ ഞാൻ എം സ്വരാജിന് വോട്ട് ചെയ്യുമായിരുന്നു എന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
പ്രമുഖ കഥാകൃത്തുക്കളായ ടി പത്മനാഭനും എം മുകുന്ദനും 'എന്റെ സ്വന്തം സ്വരാജാണ്' എന്നാണ് സ്ഥാനാർഥിയെക്കുറിച്ച് പറഞ്ഞത്. ഇന്നലെ നിലമ്പൂരിൽ ഒത്തുകൂടിയ നൂറുകണക്കിന് സാഹിത്യകാരന്മാരും കലാകാരന്മാരും സ്വരാജിനെ നെഞ്ചിലേറ്റി. ആ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് നിലമ്പൂർ ആയിഷ എത്തിയത്. അതിൽ കോൺഗ്രസിന്റെ പൊതു നിലപാട് എന്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപലം പറ്റി പ്രവർത്തിക്കുന്നവരാണ് കലാകാരന്മാർ, അവരാണ് സ്വരാജിന് വേണ്ടി വാദിക്കുന്നത് എന്നാണ് കോൺഗ്രസിന്റെ നിലപാട്.
സ്വരാജിന് വേണ്ടി കലാകാരന്മാരും സാഹിത്യകാരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള ആളുകൾ രംഗത്തിറങ്ങി. എല്ലാവരും അവരവരുടെ മേഖലകളിൽ സ്വരാജിന് വേണ്ടി ഫലപ്രദമായി ഇടപെടുന്നുണ്ട്. അതിനെ കടന്നാക്രമിക്കുന്ന സാമൂഹിക ബോധത്തെ വെല്ലുവിളിക്കുന്ന മനുഷ്യത്വ രഹിതമായ സൈബർ ആക്രമണങ്ങളാണ് നിലമ്പൂർ ആയിഷയ്ക്കും മറ്റുള്ളവർക്കും എതിരെ ഉണ്ടായത്. അതിനെ എല്ലാം കേരളം പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments