ക്രിക്കറ്റ് കാണാനും ആനയൂട്ടിനുമെത്തി ; ജോസിന്റെ മൃതദേഹത്തോട് മുഖംതിരിച്ച് പ്രിയങ്ക

കൽപ്പറ്റ
സ്വന്തം പാർടിയുടെ പ്രാദേശിക നേതാവ് തന്റെ മണ്ഡലത്തിൽ ജീവനൊടുക്കിയിട്ടും അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാതെ, വയനാട് ജില്ലയിലെ പര്യടനം ഉല്ലാസയാത്രയാക്കി പ്രിയങ്കഗാന്ധി എംപി.
കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടം ജീവനൊടുക്കിയ വെള്ളിയാഴ്‌ച മുതൽ സംസ്‌കാരം നടന്ന ശനി വൈകിട്ടുവരെയും ജില്ലയിലുണ്ടായിട്ടും പ്രിയങ്ക മുള്ളൻകൊല്ലിയിലേക്ക് എത്തിയില്ല.
ശനി പകൽ മീനങ്ങാടി കൃഷ്‌ണഗിരി സ്‌റ്റേഡിയത്തിൽ ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് മത്സരം കാണാനും മുത്തങ്ങയിലെ ആനപ്പന്തിയിൽ ആനകളെ ഉൗട്ടാനും പ്രിയങ്ക എത്തിയിരുന്നു. എന്നാൽ, മീനങ്ങാടിയിൽനിന്നും ബത്തേരിയിൽനിന്നും അരമണിക്കൂർകൊണ്ട് എത്താവുന്ന പട്ടാണിക്കുപ്പിലെ ജോസിന്റെ വീട്ടിലേക്ക് എംപി തിരിഞ്ഞുനോക്കിയില്ല. വെള്ളി വൈകിട്ട് മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസിലും ശനി വൈകിട്ടുവരെ പട്ടാണിക്കുപ്പ് മൂന്നുപാലത്തെ വീട്ടിലുമായി 24 മണിക്കൂറും പൊതുദർശനമുണ്ടായിട്ടും എത്തിയില്ല. ഇതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. പ്രിയങ്ക ആശ്വസിപ്പിക്കാനെത്തുമെന്ന് ബന്ധുക്കളും പ്രതീക്ഷിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞിട്ടും എത്താത്തതിൽ പ്രാദേശിക നേതാക്കളും നിരാശ പ്രകടിപ്പിച്ചു.
എൻ എം വിജയന്റെ കുടുംബത്തെയും അടുത്തിടെ ജില്ലയിലെത്തിയപ്പോൾ കാണാൻ കാത്തുനിന്നിട്ടും അവഗണിച്ച് പ്രിയങ്ക പോയിരുന്നു. മണിക്കൂറുകളാണ് എൻ എം വിജയന്റെ മരുമകൾ പത്മജ കാത്തുനിന്നത്. വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട വിഷയത്തിലും മുള്ളൻകൊല്ലിയിലെ ഗ്രൂപ്പ് പോരിലും പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടുമില്ല.









0 comments