മിൽമയുടെ ഡിസൈൻ അനുകരിച്ച സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴ

milma
വെബ് ഡെസ്ക്

Published on Jun 18, 2025, 02:07 PM | 1 min read

തിരുവനന്തപുരം: മിൽമയുടെ പേരിനോടും രൂപകൽപ്പനയോടും സാമ്യതയുള്ള ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് മിൽന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി പിഴ ചുമത്തിയത്.


മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മിൽമയുടേതിന് സമാനമായ ഡിസൈനോ പായ്‌ക്കിങ്ങോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും സ്ഥാപനത്തെ കോടതി വിലക്കുകയും ചെയ്‌തു. ഒരു കോടി രൂപ പിഴയും 6 ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉൾപ്പെടെ അടയ്ക്കാനും ഉത്തരവിട്ടു.


മിൽമയ്ക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്നും മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികൾ ഉണ്ടായാൽ ഇനിയും കർശന നടപടി സ്വീകരിക്കുമെന്ന്‌ മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home