നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചു
സുപ്രീംകോടതി വിധിയെ മറികടക്കാന്‍ രാഷ്ട്രീയം കളിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം
ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതിനെതിരെയുള്ള സുപ്രീംകോടതി വിധിയില്‍നിന്ന് രക്ഷപ്പെടാന്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണറുടെ രാഷ്ട്രീയക്കളി. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ മൂന്നുബില്ലും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കര്‍ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടു. സർവകലാശാല ഭേദഗതി ബിൽ, സർവകലാശാല ഭേദഗതി ബിൽ 2, സ്വകാര്യ സർവകലാശാല ബിൽ എന്നിവയാണ് അയച്ചത്. ഗവര്‍ണര്‍മാരും രാഷ്ട്രപതിയും ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറന്‍സ് ചോദിച്ചിരിക്കെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ കൈമാറിയത്.
ആഗസ്ത് എട്ടിന് ബില്‍ രാഷ്ട്രപതിക്ക് അയച്ചെന്നാണ് രാജ്ഭവന്റെ സ്ഥീരികരണം. നിയമസഭയില്‍ മാര്‍ച്ച് 25നാണ് ബില്‍ പാസാക്കിയത്. ഗവര്‍ണര്‍ മൂന്നുമാസത്തിനുള്ളില്‍ ബില്ലില്‍ തീരുമാനമെടുക്കണം എന്നാണ് തമിഴ്നാട് കേസിലെ വിധി. കേന്ദ്രനിയമങ്ങളുമായി വൈരുദ്ധ്യം ഉണ്ടെങ്കില്‍ മാത്രമാണ് സാധാരണ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നത്. തിരികെ അയച്ചാല്‍ വ്യക്തമായ കാരണം വേണം. ഇതൊന്നും നിലവില്‍ ഗവര്‍ണര്‍മാര്‍ പാലിക്കാറില്ല.
കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും നിരവധി സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അകാരണമായി സ്വകാര്യ സര്‍വകലാശാല ബില്‍ പിടിച്ചുവച്ചിരിക്കുന്നത്. കൃത്യമായ വിദ്യാര്‍ഥി അധ്യാപക സംവരണവും ഫീസ് സംവരണവും സംഘടനാപ്രവര്‍ത്തന അന്തരീക്ഷം തുടങ്ങിയവ ഉറപ്പുവരുത്തുന്നതാണ് സ്വകാര്യ സര്‍വകലാശാല ബിൽ.
സിൻഡിക്കറ്റ്, സെനറ്റ്, ബോർഡ് ഓഫ് ഗവേണൻസ് തുടങ്ങിയ ഭരണസംവിധാനങ്ങൾ കൂടുതൽ ജനാധിപത്യപരമാക്കും. പ്രോ ചാന്‍സലറുടെ അധികാരത്തില്‍ വ്യക്തതയും വരുത്തിയിട്ടുണ്ട്.









0 comments