എംആർഎസുകളിലും നാളെ പ്രവേശനോത്സവം

തിരുവനന്തപുരം
പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകൾക്കുകീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തും. പ്ലസ് ടു പരീക്ഷയിൽ നൂറുമേനിയുടെ നേട്ടം സ്വന്തമാക്കിയാണ് എംആർഎസിൽ ഇത്തവണത്തെ പ്രവേശനോത്സവം നടക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം വയനാട് കണിയാമ്പറ്റ എംആർഎസിൽ രാവിലെ 10ന് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. മറ്റിടങ്ങളിൽ ജനപ്രതിനിധികൾ ഉദ്ഘാടനം നിർവഹിക്കും.
പട്ടികജാതി വികസന വകുപ്പിൽ ഒരു സ്പോർട്സ് സ്‌കൂളടക്കം 10 എംആർഎസുകളാണുള്ളത്. അഞ്ചാം ക്ലാസ് മുതലാണ് പ്രവേശനം. വിദ്യാർഥികൾക്ക് താമസം, വസ്ത്രം, ഭക്ഷണം, ട്യൂഷൻ, സ്മാർട്ട് ക്ലാസ്റൂം, മികച്ച പഠനാന്തരീക്ഷം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പട്ടികവർഗ വികസന വകുപ്പിൽ 22 എംആർഎസുകളുണ്ട്. ഒന്നാം ക്ലാസ് മുതൽ പ്രവേശനം ലഭിക്കുന്ന അഞ്ച് ആശ്രമം സ്കൂളുകളും സിബിഎസ്ഇ സിലബസിൽ അധ്യയനം നടത്തുന്ന ആറ് ഏകലവ്യ സ്കൂളുകളും ഇതിലുൾപ്പെടും. സ്കൂളുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുകയാണ്.
വെള്ളായണി അയ്യൻകാളി സ്‌മാരക സ്പോർട്സ് എച്ച്‌എസ്‌എസ്, വടശേരിക്കര, ആലുവ, പുന്നപ്ര,വടക്കാഞ്ചേരി, തൃത്താല എംആർഎസുകളാണ് പ്ലസ്ടുവിന് നൂറുമേനി നേടിയ സർക്കാർ സ്കൂളുകൾ. എസ്‌എസ്‌എൽസി പരീക്ഷയിലും എംആർഎസുകൾ മികച്ച വിജയം നേടിയിരുന്നു.









0 comments