തപാൽ വകുപ്പിന്റെ 
കെട്ടിടങ്ങൾ പാട്ടത്തിന് ; പട്ടിക തയ്യാറാക്കൽ തുടങ്ങി

postal department buildings for lease
avatar
എം അനിൽ

Published on Jul 16, 2025, 02:53 AM | 1 min read


കൊല്ലം

തപാൽ വകുപ്പിനെ ലാഭത്തിലാക്കാനെന്നപേരിൽ സ്വന്തം കെട്ടിടങ്ങളിൽ ആവശ്യം കഴിഞ്ഞുള്ള ഭാഗങ്ങൾ പാട്ടത്തിന് നൽകാൻ നീക്കം. കെട്ടിടങ്ങൾ പാട്ടത്തിനുനൽകുന്ന കർമപദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരംനൽകി. ഇതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുന്ന നടപടി തുടങ്ങാൻ തപാൽ വകുപ്പ് ജില്ലാ സൂപ്രണ്ടുമാർക്ക്‌ നിർദേശംനൽകി.


ഉടമസ്ഥാവകാശ രേഖകൾ പരിശോധിച്ച് വാണിജ്യസാധ്യത കൂടുതലുള്ളവയുടെ പ്രത്യേക പട്ടികയും തയ്യാറാക്കുന്നുണ്ട്‌. വകുപ്പിന് സ്വന്തമായി ഭൂമിയുള്ള പ്രദേശങ്ങളിൽ താഴത്തെ നിലയിൽ പോസ്റ്റ് ഓഫീസ് മന്ദിരം സ്ഥാപിച്ച്‌ ബാക്കി സ്ഥലത്ത് ബഹുനിലക്കെട്ടിടം നിർമിച്ച് പാട്ടത്തിന് നൽകാനും ആലോചനയുണ്ട്‌.


സ്വന്തം ഭൂമിയിൽനിന്ന് ധനസമ്പാദനമാണ് പദ്ധതിയിലെ പ്രധാനമായും ഊന്നൽ. വൈവിധ്യമാർന്ന സേവനങ്ങളിലൂടെ പുതിയ ബിസിനസ് മേഖലകൾ വ്യാപിപ്പിച്ചും വരുമാനം വർധിപ്പിക്കും. വകുപ്പിന്റെ വാർഷിക ചെലവ് 27,000 കോടി രൂപയാണ്. എന്നാൽ, വരുമാനം 12,000 കോടി രൂപ മാത്രമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്ത് നിലവിൽ 1.6ലക്ഷം പോസ്റ്റ് ഓഫീസുകളുണ്ട്‌.


റിയൽ എസ്റ്റേറ്റ് സാധ്യതകൾ തിരിച്ചറിഞ്ഞ് വാണിജ്യ ലാഭമുണ്ടാക്കുകയാണ്‌ ലക്ഷ്യം. സേവന വിപുലീകരണം, സാങ്കേതികവിദ്യ നവീകരണം, ആസ്തികളിലൂടെ അധിക ധനസമ്പാദനം എന്നിവയും ലക്ഷ്യമിടുന്നു. എക്സ്പ്രസ് പാഴ്‌സൽ ഡെലിവറി, ആധാർ എൻറോൾമെന്റ്‌, പാസ്പോർട്ട് സൗകര്യം, മ്യൂച്വൽ ഫണ്ട് വിതരണം അടക്കമുള്ള സേവനങ്ങൾ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാക്കും. ഇതിനായി സർക്കാർ -സ്വകാര്യ ഏജൻസികളുമായി കൂടുതൽ പങ്കാളിത്ത കരാറുകളിൽ ഏർപ്പെടാനും പദ്ധതിയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home