നടി റിനിക്കെതിരായ സൈബർ ആക്രമണം പൊലീസ് പ്രത്യേകം അന്വേഷിക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള തുറന്നുപറച്ചിലിനെ തുടർന്ന് നിരന്തരം സൈബർ ആക്രമണം നടത്തുന്നതായ നടി റിനി ആൻ ജോർജിന്റെ പരാതി സൈബർ പൊലീസ് പ്രത്യേകം അന്വേഷിക്കും. കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യുട്യൂബ് ചാനലുകൾ എന്നിവയ്ക്കും രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ എന്നിവർക്കുമെതിരെയാണ് പരാതി.
സൈബർ ആക്രമണങ്ങളിലും അപകീർത്തികരമായ പരാമർശങ്ങളിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് റിനി പരാതി നൽകിയത്. സൈബർ ആക്രമണം ആസൂത്രിതമാണോയെന്നും രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും.
വെളിപ്പെടുത്തലിന് ശേഷം റിനിക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുലിനെതിരായ നിരവധി പരാതികൾ പുറത്തുവന്നു. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ സംഭാഷണങ്ങളുടെ ശബ്ദരേഖകളും പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നവരെ കോൺഗ്രസ് സൈബർ ടീമുകൾ അപകീർത്തിപ്പെടുത്താൻ തുടങ്ങിയത്.









0 comments