കൊച്ചിയിലെ ഫ്ലിപ്കാർട്ട് ഡെലിവറി ഹബ്ബുകളിൽ 1.61 കോടി രൂപയുടെ സ്മാർട് ഫോൺ തട്ടിപ്പ്

കൊച്ചി: കൊച്ചിയിലെ ഫ്ലിപ്കാർട്ട് ഡെലിവറി ഹബ്ബുകളിൽ 1.61 കോടി രൂപയുടെ മൊബൈൽ ഫോൺ തട്ടിപ്പ്. സംഭവത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫ്ലിപ്കാർട്ട് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കാഞ്ഞൂർ, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് ഫ്ലിപ്കാർട്ട് തട്ടിപ്പ് കണ്ടെത്തിയത്. ഈ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്ന സിദ്ദിഖി കെ അലിയാർ, ജാസിം ദിലീപ്, ഹാരിസ് പി എ, മാഹിൻ നൗഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
2025 ആഗസ്ത് 8 നും ഒക്ടോബർ 10 നും ഇടയിൽ വ്യാജ വിലാസങ്ങളും വ്യത്യസ്ത മൊബൈൽ നമ്പറുകളും ഉപയോഗിച്ച് ഫ്ലിപ്കാർട്ട് പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രതികൾ 332 മൊബൈൽ ഫോണുകൾ ഓർഡർ ചെയ്തതായി എഫ്‌ഐആർ പറയുന്നു. ആപ്പിൾ (ഐഫോൺ), സാംസങ് ഗാലക്‌സി, വിവോ, ഐക്യുഒ എന്നിവയുടെ മോഡലുകൾ ഉൾപ്പെടെ 1.61 കോടി രൂപ വിലമതിക്കുന്ന ഫോണുകളാണ് വാങ്ങിയത്.
കാഞ്ഞൂർ ഹബ്ബിൽ നിന്ന് 18.14 ലക്ഷം രൂപ വിലമതിക്കുന്ന 38 ഫോണുകളും കുറുപ്പംപടി ഹബ്ബിൽ നിന്ന് 40.97 ലക്ഷം രൂപ വിലമതിക്കുന്ന 87 ഫോണുകളും മേക്കാട് ഹബ്ബിൽ നിന്ന് 48.66 ലക്ഷം രൂപ വിലമതിക്കുന്ന 101 ഫോണുകളും മൂവാറ്റുപുഴ ഹബ്ബിൽ നിന്ന് 53.41 ലക്ഷം രൂപ വിലമതിക്കുന്ന 106 ഫോണുകളും ഓർഡർ ചെയ്തു. ഈ ഫോണുകളെല്ലാം അതത് ഡെലിവറി സെന്ററുകളിൽ എത്തിയതിന് ശേഷം കാണാതായതായി എഫ്‌ഐആറിൽ പറയുന്നു.
ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്കും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ പ്രസക്തമായ വ്യവസ്ഥകൾക്കും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതികളെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.









0 comments