രണ്ടുമാസത്തെ അന്തിയുറക്കം വിറകുപുരയിൽ; പൊലീസ് ഇടപെട്ടു; ആറാംക്ലാസുകാരനെയും അമ്മയെയും വീട്ടിലാക്കി

കൂത്താട്ടുകുളം: വഴക്കിനെത്തുടർന്ന് വീടുവിട്ട് ഇറങ്ങേണ്ടിവന്ന തിരുമാറാടി കാക്കൂരിലെ ആറാംക്ലാസുകാരനെയും അമ്മയെയും പൊലീസ് ഇടപെട്ട് വീട്ടിൽ കയറ്റി. സംശയത്തിന്റെ പേരിലാണ് ഭർത്താവും ഭർതൃമാതാവും അമ്മയെയും കുട്ടിയെയും വീട്ടിൽനിന്ന് ഇറക്കിവിട്ടത്. കൂത്താട്ടുകുളം പൊലീസ് എത്തിയാണ് ഇവരെ തിരികെ വീട്ടിലാക്കിയത്.
ഇവർ രണ്ടുമാസം താമസിച്ച റബർത്തോട്ടത്തിലെ വിറകുപുര പൊലീസ് നിർദേശപ്രകാരം ശനിയാഴ്ച പൊളിച്ചുനീക്കി. അമ്മയ്ക്കും കുട്ടിക്കും താമസസൗകര്യവും ഭക്ഷണവും നൽകണമെന്നും പൊലീസ് വീട്ടുകാർക്ക് നിർദേശം നൽകി. ശിശുക്ഷേമസമിതി അധികൃതർ സ്‌കൂളിലെത്തി കുട്ടിയുടെ വിവരങ്ങൾ ശേഖരിച്ചു.
ഒരുവർഷത്തിലേറെയായി തുടരുന്ന വഴക്ക് പരിഹരിക്കാൻ മധ്യസ്ഥശ്രമങ്ങളുണ്ടായെങ്കിലും ഫലം കണ്ടിരുന്നില്ല. രണ്ടുമാസമായി വീടിനു സമീപത്തെ റബർത്തോട്ടത്തിൽ നാലുതൂണുകളിൽ നിർമിച്ച പഴയ വിറകുപുരയിലായിരുന്നു അമ്മയുടെയും മകന്റെയും താമസം. കൂത്താട്ടുകുളത്തെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരിയായ അമ്മ വൈകിട്ട് വരുന്നതുവരെ ട്യൂഷൻ ക്ലാസിലോ, അയൽപക്കത്തെ വീട്ടിലോ കുട്ടി കാത്തുനിൽക്കും.
അമ്മയ്‌ക്കൊപ്പം വിറകുപുരയിൽ എത്തി കടയിൽനിന്ന് വാങ്ങുന്ന ആഹാരം മൊബൈൽ ഫോൺ വെളിച്ചത്തിൽ കഴിക്കുകയുമാണ് പതിവ്. പകൽ ഭക്ഷണം വാങ്ങിക്കഴിക്കാൻ കുട്ടിക്ക് അമ്മ പണം നൽകിയിരുന്നു. ഇതുപയോഗിച്ച് കുട്ടി സ്ഥിരമായി ജ്യൂസ് വാങ്ങിയിരുന്നു. കുട്ടിയുടെ ബാഗിൽ സ്ഥിരമായി ജ്യൂസ് കുപ്പി കണ്ട അധ്യാപകർക്കുണ്ടായ സംശയമാണ് സംഭവം പുറത്തറിയാനിടയാക്കിയത്.
അധ്യാപകർ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങൾ മനസ്സിലാക്കി പൊലീസിലും ശിശുക്ഷേമസമിതിയിലും പരാതി നൽകി. ദമ്പതികൾക്ക് രണ്ട് മക്കളാണ്. മൂത്തമകൻ വീട്ടിൽ അച്ഛനൊപ്പമാണ് താമസിക്കുന്നത്. ഇയാളുടെ രണ്ടാമത്തെ വിവാഹമാണിത്.









0 comments