രാജസ്ഥാനിൽ ടെമ്പോ ട്രെയിലറിൽ ഇടിച്ചുകയറി അപകടം; ആറ് മരണം

ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ തീർഥാടകരുമായി പോയ ടെമ്പോ ട്രെയിലറിൽ ഇടിച്ചുകയറി ആറ് പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ദേശീയ പാത 125 ലെ ജോധ്പൂർ-ബലേസർ ഭാഗത്താണ് അപകടം.
തീർഥാടകരുമായി പോയ ടെമ്പോ ധാന്യച്ചാക്കുകൾ നിറച്ച ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോധ്പൂർ ജില്ലയിലെ ഖാരി ബെരി ഗ്രാമത്തിനടുത്താണ് അപകടം. ഗുജറാത്തിലെ ബനസ്‌കന്ത, ധന്സുര പ്രദേശങ്ങളിൽ നിന്ന് 20 ഓളം തീർഥാടകരാണ് ടെമ്പോയിലുണ്ടായിരുന്നത്.
തീർഥാടകരുമായി രാംദിയോറയിലേക്ക് പോവുകയായിരുന്ന ടെമ്പോ എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന ട്രെയിലർ ഇടിച്ചതായി ബലേസർ എസ്എച്ച്ഒ മൂല്സിംഗ് ഭാട്ടി പറഞ്ഞു.
അപകടത്തിൽ മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് മൂന്ന പേർ ആശുപത്രിയിലെത്തിച്ചപ്പോവേക്കും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ബലേസർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ 14 പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇവരെ ജോധ്പൂരിലെ എംഡിഎം ആശുപത്രിയിലേക്ക് റഫർ ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു.









0 comments