ബിഹാർ തെരഞ്ഞെടുപ്പിൽ ലോകബാങ്കിന്റെ 14,000 കോടി ഫണ്ട് ഉപയോഗിച്ചു; പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർടി

പ്രശാന്ത് കിഷോർ
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി 14,000 കോടിയുടെ ലോകബാങ്ക് ഫണ്ട് നിതീഷ് കുമാർ സർക്കാർ വകമാറ്റിയെന്ന് പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർടി ആരോപിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകൾക്ക് 10,000 രൂപ പണം അക്കൗണ്ടുകളിൽ എത്തിച്ചിരുന്നു. ഇതിനായാണ് വികസന പദ്ധതികൾക്കായി നീക്കിവച്ചിരുന്ന ലോക ബാങ്ക് ഫണ്ട് ഉപയോഗിച്ചത്. അതുവഴി തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നും പാർടി അവകാശപ്പെട്ടു. ജൻസുരാജ് പാർടിയുടെ ദേശീയ പ്രസിഡന്റ് ഉദയ് സിംഗ് ആണ് ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രകാരമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ നിതീഷ് കുമാർ സർക്കാർ സ്ത്രീകൾക്ക് പണം നൽകിയത്.1.25 കോടി വനിതാ വോട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ ട്രാൻസ്ഫർ ചെയ്തിരുന്നു. എൻഡിഎയുടെ വൻ തിരിച്ചുവരവിൽ നിർണായക പങ്ക് വഹിച്ച ഒരു നീക്കമായിരുന്നു ഇത്. പൊതുജനങ്ങളുടെ പണത്തിന്റെ വ്യക്തമായ ദുരുപയോഗവും തെരഞ്ഞെടുപ്പ് പ്രക്രിയയെ വഴിതിരിച്ചുവിടാനുള്ള അധാർമ്മിക ശ്രമവും നടന്നു. ഇതിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ജൻസുരാജ് പാർടി ആവശ്യപ്പെട്ടു.
ജൂൺ 21 മുതൽ പോളിംഗ് ദിവസം വരെ ഏകദേശം 40,000 കോടി രൂപയാണ് ചെലവഴിച്ചത്. ഈ തെരഞ്ഞെടുപ്പ് ഫലം അങ്ങനെ എൻഡിഎ സഖ്യം വിലയ്ക്കുവാങ്ങി. ബിഹാറിന്റെ സമ്പദ്‌വ്യവസ്ഥ അനുസരിച്ച് ഇത്രയും വലിയ തുക തിരിച്ചുപിടിക്കാൻ കഴിയില്ല. സർക്കാർ അധികാരത്തിൽ വന്നു കഴിഞ്ഞ് പൊതുജനക്ഷേമത്തിനായി ചെലവഴിക്കാൻ പണം അവശേഷിക്കുന്നില്ലെന്നും പാർടി അവകാശപ്പെട്ടു. സംസ്ഥാനത്തിന്റെ ഖജനാവ് ഇപ്പോൾ കാലിയാണെന്ന് ജൻസുരാജ് വക്താവ് പവൻ വർമ്മയും അവകാശപ്പെട്ടു.








0 comments