ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം; പ്രധാന സാക്ഷിയെ കണ്ടെത്തി

സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ചിത്രം
തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രധാന സാക്ഷിയായ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. ബിഹാർ സ്വദശി ശങ്കർ ബുശ്വാനെ കൊച്ചുവേളിയിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. പെൺകുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചതും പ്രതിയെ കീഴ്പ്പെടുത്തിയതും ശങ്കർ തന്നെയാണെന്ന് പൊലീസ് പറയുന്നു. സാക്ഷിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഈ മാസം 11നാണ് ഓടുന്ന ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം നടന്നത്. കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്‌മെന്റിൽ മദ്യപിച്ച് കയറിയയാൾ ഓടുന്ന ട്രെയിനിൽനിന്ന് പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി വെള്ളറട പനച്ചമൂട് സ്വദേശി സുരേഷിനെ (50) റെയിൽവേ പൊലീസ് കൊച്ചുവേളിയിൽനിന്ന് പിടികൂടിയിരുന്നു. ഇന്ന് പ്രതിയുമായി അന്വേഷണ സംഘം ആക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തി.
ട്രെയിനിലെ ശുചിമുറിയിൽ പോയിവരികയായിരുന്ന ശ്രീക്കുട്ടിയെ ഒരു പ്രകോപനവുമില്ലാതെ സുരേഷ് തള്ളിയിടുകയായിരുന്നു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും ഇയാൾ ചവിട്ടിയിടാൻ ശ്രമിച്ചു. കമ്പാർട്‌മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് അർച്ചനയെ രക്ഷിച്ചത്.
ആലുവയിൽനിന്ന് ട്രെയിൻ കയറിയ പെൺകുട്ടികൾക്ക് പ്രതിയെ യാതൊരു മുൻപരിചയവുമില്ല. പെൺകുട്ടി ട്രാക്കിലേക്ക് വീഴുന്നതുകണ്ട് എതിർദിശയിൽവന്ന മെമുവിന്റെ ലോക്കോ പൈലറ്റ് ട്രെയിൻ ഉടൻ നിർത്തുകയായിരുന്നു. കുറ്റിക്കാട്ടിൽ വീണ പെൺകുട്ടിയെ മെമുവിലാണ് വർക്കല സ്റ്റേഷനിലെത്തിച്ചത്. അവിടെനിന്ന് പൊലീസ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിലേക്കുമാറ്റി.
പ്രതിയെ കീഴ്പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷര്‍ട്ട് ധരിച്ചയാള്‍ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിന് ലഭിച്ച സൂചന. പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അര്‍ച്ചനയെക്കൂടി ആക്രമിക്കാൻ ശ്രമിച്ചു. അപ്പോൾ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു വ്യക്തി ഓടിയെത്തുകയും ഒറ്റക്കൈ കൊണ്ട് അര്‍ച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുകയും ചെയ്യുന്നത് സിസിടിവിയില്‍ നിന്ന് വ്യക്തമായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാക്ഷിയെ കണ്ടെത്താനായത്.








0 comments