ഇരുചക്രവാഹന തട്ടിപ്പ്: അനന്തുകൃഷ്‌ണനുമായി തെളിവെടുപ്പ്


സ്വന്തം ലേഖകൻ
Published on Feb 10, 2025, 12:00 AM | 1 min read
കൊച്ചി: സ്‌ത്രീകൾക്ക് പകുതി വിലയ്‌ക്ക് ഇരുചക്രവാഹനം നൽകാമെന്ന് വാഗ്‌ദാനം നൽകി കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അനന്തു കൃഷ്‌ണനുമായി തെളിവെടുപ്പ് തുടരുന്നു. ബിജെപി നേതാവ് എ എൻ രാധാകൃഷ്‌ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്, സായിഗ്രാമം സ്ഥാപകൻ കെ എൻ ആനന്ദകുമാർ എന്നിവരുമായുള്ള ബന്ധം മാധ്യമങ്ങൾക്കുമുന്നിലും അനന്തു കൃഷ്‌ണൻ വെളിപ്പെടുത്തി. ഇയാളുടെ രാഷ്ട്രീയബന്ധങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.
തോന്നയ്‌ക്കൽ സായിഗ്രാമം സ്ഥാപകൻ കെ എൻ ആനന്ദകുമാറിന്റെ നിർദേശപ്രകാരമാണ് എൻജിയോസ് കോൺഫെഡറേഷൻ ആരംഭിച്ചതെന്ന് അനന്തുകൃഷ്‌ണൻ പറഞ്ഞു. ഇരുനൂറിലധികം സംഘടനകൾ പദ്ധതിയിലേക്ക് വന്നതും ആനന്ദകുമാർ പറഞ്ഞതുപ്രകാരമാണ്. ആനന്ദകുമാറിനും രാഷ്ട്രീയപാർടികളിലെ ആളുകൾക്കും പണം നൽകി. എ എൻ രാധാകൃഷ്‌ണന്റെ സംഘടനയായ ‘സൈൻ’ നടത്തിപ്പ് ഏജൻസിയാണ്. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് തന്റെ അഭിഭാഷകയാണെന്നും അനന്തുകൃഷ്‌ണൻ പറഞ്ഞു.
എറണാകുളം പൊന്നുരുന്നി, കടവന്ത്ര, കളമശേരി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും മറൈൻഡ്രൈവിലെ ഫ്ലാറ്റിലും പാലാരിവട്ടത്തെ വീട്ടിലും മൂവാറ്റുപുഴ പൊലീസ് തെളിവെടുത്തു. സ്ഥാപനങ്ങളിൽനിന്ന് രേഖകൾ കണ്ടെടുത്തു.
ആനന്ദകുമാറിനെതിരെ കേസെടുത്തു
വിലപിടിപ്പുള്ള സാധനങ്ങൾ പകുതിവിലയ്‌ക്ക് നൽകാമെന്ന് വാഗ്‌ദാനം നൽകി പണംതട്ടിയ കേസിൽ സായിഗ്രാമം സ്ഥാപകൻ കെ എൻ ആനന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തു. 3.11 കോടിരൂപ തട്ടിയെന്ന പരാതിയിലാണ് ആനന്ദകുമാറിനെ രണ്ടാംപ്രതിയാക്കി കോതമംഗലം പൊലീസ് കേസെടുത്തത്. ഇതിനകം അറസ്‌റ്റിലായ അനന്തുകൃഷ്‌ണനാണ് ഒന്നാംപ്രതി.കോതമംഗലം ഓൾ കേരള ഓർഫൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സജികുമാറിന്റെ പരാതിയിലാണ് കേസ്. അസോസിയേഷന്റെ അക്കൗണ്ടിൽനിന്ന് പ്രൊഫഷണൽ സർവീസ് ഇന്നൊവേഷൻ എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം ജൂൺ ആറിന് നാലുതവണയായി 2.96 ലക്ഷം രൂപയും നവംബർ 22ന് 15 ലക്ഷംരൂപയും കൈമാറിയിട്ടുണ്ട്.









0 comments