‘ പോഡ്‌കാസ്‌റ്റ് ’ പുറത്ത്; ബിജെപി ഓപ്ഷനല്ല: തരൂർ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച ശശി തരൂരിന്റെ ഇംഗ്ലീഷ് മാധ്യമത്തിലെ അഭിമുഖത്തിന്റെ (പോഡ്‌കാസ്‌റ്റ്) പൂർണരൂപം പുറത്ത്. താൻ കോൺഗ്രസിന്റെ മുന്നിൽവച്ച ചില ആവശ്യങ്ങളോട് അനുകൂല സമീപനമില്ലെങ്കിൽ അതിൽ തുടരുന്നത് പുനഃപരിശോധിക്കുമെന്നും എന്നാൽ ബിജെപി തന്റെ ഓപ്ഷൻ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും പാർടിയുടെ ഭാഗമായി നിൽക്കാതെ തന്നെ സ്വതന്ത്ര നിലപാട് എടുത്ത് നിൽക്കാനാകും. വിദേശ രാജ്യങ്ങളിൽ പ്രഭാഷണങ്ങൾ, എഴുത്ത് തുടങ്ങി തനിക്ക് ഇപ്പോൾ ചെയ്‌ത് തീർക്കാൻ കഴിയാത്ത പല ജോലികളുമുണ്ട്.
കേരളത്തിൽ തനിക്ക് കാര്യമായി ചിലത് ചെയ്യാൻ കഴിയുമെന്ന് പറയുന്നത് യുഡിഎഫിലെ ഘടകകക്ഷിയും യുവനേതാക്കളും പാർടിക്ക് പുറത്തുള്ള സർക്കിളിലുള്ളവരുമാണ്. പാർടി വൃത്തങ്ങൾക്ക് പുറത്തുനിന്ന് വോട്ട് സമാഹരിക്കാതെ 2026ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് രക്ഷയുള്ളു. തന്നെ ഉപയോഗിക്കാൻ പാർട്ടിക്ക് താൽപര്യമില്ലെങ്കിൽ അടുത്ത മാർഗം നോക്കും.
കോൺഗ്രസിൽ ഐക്യം ഇല്ലായ്‌മ രൂക്ഷമാണ്. സാധാരണ പ്രവർത്തകരുടെ കുറവുണ്ട്. ബൂത്തിൽ പോലും ആളില്ല. കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ നല്ലൊരു നേതാവില്ല എന്നത് വസ്‌തുതയാണ്. ഉൾപാർടി ജനാധിപത്യം കോൺഗ്രസിലില്ല. അതുകൊണ്ടാണ് എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ താൻ നോമിനേഷൻ പിൻവലിക്കാതിരുന്നത്–- തരൂർ പറഞ്ഞു.









0 comments