പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 77.81 വിജയശതമാനം, വിഎച്ച്എസ്‍സിയിൽ 70.06

തിരുവനന്തപുരം: ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്‍സി) ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 77.81 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 70.06ഉം.
ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്തെ ആകെ 57 സ്‌കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചു. എറണാകുളം ജില്ലയാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം കൈവരിച്ചത് (83.09). ഏറ്റവും കുറവ് വിജയ ശതമാനം കാസർകോടും രേഖപ്പെടുത്തി (71.09). എല്ലാ വിഷയങ്ങള്‍ക്കും 30,145 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ എ പ്ലസ് നേടിയത്.
ഹയർ സെക്കൻഡറിയിൽ കഴിഞ്ഞ വർഷം 78.69 ആയിരുന്നു വിജയ ശതമാനം. ഈ വർഷം ഹയര്‍ സെക്കൻഡറി വിഭാഗത്തിൽ ആകെ 2002 സ്കൂളുകളില്‍ നിന്ന് റഗുലര്‍ വിഭാഗത്തില്‍ 3,70,642 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 2,88,394 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.
ആണ്‍കുട്ടികളിൽ 1,79,952 പേർ പരീക്ഷയെഴുതിയപ്പോൾ 1,23,160 പേരാണ് വിജയിച്ചത്. 68.44 ആണ് വിജയശതമാനം. പെണ്‍കുട്ടികളിൽ 1,90,690 പേർ പരീക്ഷയെഴുതിയപ്പോൾ 1,65,234 പേരും വിജയിച്ചു. 86.65 ശതമാനമാണ് വിജയം.
റഗുലര്‍ സ്കൂള്‍ ഗോയിംഗ് വിഭാഗം സയന്‍സ് ഗ്രൂപ്പിൽ 1,89,263 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 1,57,561 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയ ശതമാനം 83.25. ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ 74,583 വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ 51,578 പേർ വിജയിച്ചു. വിജയ ശതമാനം 69.16. കോമേഴ്സ് ഗ്രൂപ്പിൽ 1,06,796 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 79,255 പേർ വിജയം കൈവരിച്ചു. വിജയ ശതമാനം 74.21.
റഗുലര്‍ വിഭാഗത്തിൽ സർക്കാർ സ്കൂളിൽ നിന്ന് 1,63,904 പേർ പരീക്ഷയെതഴുതിയപ്പോൾ 1,20,027 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയ ശതമാനം 73.23. എയ്‌ഡഡ് സ്കൂളുകളിൽ നിന്ന് 1,82,409 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 1,49,863 പേർ വിജയിച്ചു. വിജയ ശതമാനം 82.16. അണ്‍ എയിഡഡ് സ്കൂളിൽ 23,998 വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ 18,218 പേർ വിജയം കൈവരിച്ചു. വിജയ ശതമാനം 75.91. സ്പെഷ്യല്‍ സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ എണ്ണം 331 ആണ്. ഇതിൽ 286 പേർ വിജയിച്ചു. വിജയ ശതമാനം 86.40.
വിഎച്ച്എസ്‍സി റഗുലർ വിഭാഗത്തിൽ ആകെ 26178 വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ 18340 വിദ്യാർഥികളാണ് വിജയം കെവരിച്ചത്.
ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്കൂളിൽ പരീക്ഷയെഴുതിയ 1,481 വിദ്യാർഥികളിൽ 1,048 പേരും വിജയിച്ചു. വിജയ ശതമാനം 70.76. 72 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
കേരള കലാമണ്ഡലത്തിൽ നിന്ന് 56 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 45 കുട്ടികൾ ഉപരി പഠനത്തിന് യോഗ്യരായി. വിജയ ശതമാനം 80.36. രണ്ട് വിദ്യാർഥികളാണ് കലാമണ്ഡലത്തിൽ നിന്ന് എല്ലാ വിഷയങ്ങളിലുും എ പ്ലസ് നേടിയത്.
സ്കോള്‍ കേരളയിൽ നിന്ന് 28,561 വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ 13,288 പേർ വിജയിച്ചു. വിജയ ശതമാനം 46.52. 447 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. പ്രൈവറ്റ് കംപാര്‍ട്ട്മെന്റൽ ആകെ 33,807 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോൾ 7,251 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 21.45.
എല്ലാ വിഭാഗങ്ങളിലുമായി ആകെ 4,34,547 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,20,224 പേർ ആണ്‍കുട്ടികളും, പെണ്‍കുട്ടികള്‍ 2,14,323 പേരുമാണ്.
സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മെയ് 27 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മെയ് 29 വരെയും അപേക്ഷ നൽകാം. ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായാണ് പരീക്ഷ നടത്തുക. പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27 ആണ്.
0 comments