പ്ലസ് വൺ: മെറിറ്റിൽ മാത്രം 29,069 സീറ്റുകൾ ബാക്കി; പ്രവേശനം നേടാനുള്ളത് 14,055 പേർ

v sivankutty plus one
വെബ് ഡെസ്ക്

Published on Jul 15, 2025, 06:18 PM | 1 min read

കണ്ണൂർ: സംസ്ഥാനത്ത് ഇതുവരെയായി 3,81,404 പേർ പ്ലസ് വൺ പ്രവേശനം നേടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അൺ എയ്ഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ 29,444 സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. ഇനി സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 14,055 മാത്രമാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


2,97,758 വിദ്യാർഥികൾ മെറിറ്റിൽ പ്രവേശനം നേടിയിട്ടുണ്ട്. 4,812 പേർ സ്പോർട്സ് ക്വാട്ടയിലും, 1149 പേർ മോഡൽ റസിഡൻഷ്യൽ സ്കൂളിലും പ്രവേശനം നേടി. കമ്മ്യൂണിറ്റി ക്വാട്ട - 20,960, മാനേജ്മെന്റ് ക്വാട്ട - 34,852, അൺ എയ്ഡഡ് - 21,873 എന്നിങ്ങനെയാണ് ബാക്കി കണക്ക്. അലോട്ട്മെന്റ് നൽകിയിട്ടും 87,989 പേർ പ്രവേശനം നേടിയിട്ടില്ല.


മെറിറ്റ് ക്വാട്ടയിൽ മാത്രം 29,069 സീറ്റുകളിലാണ് നിലവിൽ ഒഴിവുള്ളത്. അൺ എയ്ഡഡിൽ 31,772 സീറ്റുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 375 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ആകെയുള്ളത് 61,216 ഒഴിവുകൾ.


മലപ്പുറം ജില്ലയിയിൽ ആകെ 69,874 സീറ്റുകളിൽ ഇതുവരെ വിദ്യാർഥികൾ പ്രവേശനം നേടി. 12,358 പേരാണ് അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തത്. മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 4,148 ആണ്. മെറിറ്റ് - 2076, മോഡൽ റസിഡൻഷ്യൽ സ്കൂൾ - 10, അൺഎയിഡഡ് - 6,949 എന്നിങ്ങനെ ആകെ 9,035 സീറ്റുകൾ മലപ്പുറത്ത് ഒഴിവുണ്ട്.


രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസൾട്ട് ജൂലൈ 16 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ/ജില്ലാന്തര ട്രാസ്ഫറിനുള്ള വേക്കൻസിയും അപേക്ഷാ സമർപ്പണവും ജൂലൈ 19 മുതൽ 21 വരെ നടത്തും. ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ജൂലൈ 25 മുതൽ 28 വരെ. ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്‌പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്. ഈ വർഷത്തെ പ്രവേശന നടപടികൾ 2025 ജൂലൈ 31 ന് പൂർത്തിയാകുന്നതാണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home