പ്ലസ് വൺ: ആദ്യ അലോട്ട്‌മെന്റ് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം 5 വരെ

plusone students
വെബ് ഡെസ്ക്

Published on Jun 02, 2025, 06:11 PM | 2 min read

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്‌റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂൺ 3 മുതൽ 5 ന് വൈകിട്ട് 5 വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ ഹയർസെക്കൻഡറി അഡ്‌മിഷൻ വെബ്സൈറ്റ് (https://www.hscap.kerala.gov.in/) Candidate Login-SWSലെ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.


അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് ലെറ്ററുമായി സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്കൂ‌ളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. ആദ്യ അലോട്ട്‌മെന്റ് ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളിൽ അടക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്‌ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.


താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂ‌ളിലാണ് നൽകേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദ്ദിഷ്‌ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അറിയിച്ചു.


ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം. മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും അലോട്ട്മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർക്ക് Candidate Login- MRS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. സ്പോർട്‌സ് ക്വാട്ട അലോട്ട്മെന്റ് റിസൾട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റിലെ Candidate Login-Sports Sports Results ലിങ്കിലൂടെ ലഭിക്കും. എസ്‌എസ്എൽസി പുനഃപരിശോധനാ റിസൾട്ട് ഉൾപ്പെടുത്തിയാണ് അലോട്ട്മെന്റ് റിസൾട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home