പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ്: 1.21 ലക്ഷം പേർ മെറിറ്റിൽ സ്ഥിര പ്രവേശനം നേടി

തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം അലോട്ട്‌മെന്റ് പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ പൊതുവിഭാഗത്തിൽ സ്ഥിരപ്രവേശനം നേടിയത് 1,21,743 പേർ. 99,526 വിദ്യാർഥികൾ താൽക്കാലിക പ്രവേശനം നേടി. 27,077 പേർ പ്രവേശനം നേടിയില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിവിധ കാരണങ്ങളാൽ 1,152 പേരുടെ അപേക്ഷ തള്ളി. ഇവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതിയ അപേക്ഷ സമർപ്പിക്കാം. 3,18,574 മെറിറ്റ് സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. 2,49,540 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു.
പൊതുവിഭാഗത്തിന് പുറമെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ (എംആർഎസ്) 914 പേർ സ്ഥിരപ്രവേശനവും 108 പേർ താൽക്കാലിക പ്രവേശനവും നേടി. സ്‌പോർട്സ് ക്വാട്ട ആദ്യഘട്ട അലോട്ട്മെന്റിൽ 2,649 പേർ സ്ഥിരപ്രവേശനവും 2021 പേർ താൽക്കാലിക പ്രവേശനവും നേടി. പ്ലസ് വൺ പ്രവേശനത്തിന് ആകെ 4,63,686 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 45,851 പേർ സ്വന്തം ജില്ലക്ക് പുറമേ മറ്റു ജില്ലകളിൽ കൂടി അപേക്ഷിച്ചവരാണ്. രണ്ടാം അലോട്ട്‌മെന്റിനായി 1,63,801 അപേക്ഷകളാണ് ശേഷിക്കുന്നത്. ആകെ 2,17,709 സീറ്റുകൾ ബാക്കിയുണ്ട്. മെറിറ്റ്–1,00,110, മാനേജ്‌മെന്റ്- 38,951, കമ്യൂണിറ്റി- 25322, അൺ- എയ്ഡഡ്- 53326 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം.
മലപ്പുറം ജില്ലയിൽ പൊതുവിഭാഗത്തിൽ 18,368 പേർ സ്ഥിരപ്രവേശനം നേടി. 18,318 പേർ താൽക്കാലികമായാണ് ചേർന്നത്. അടുത്ത അലോട്ട്‌മെന്റിനായി മെറിറ്റ് ക്വാട്ടയിൽ 20,719 ഒഴിവുകളുണ്ട്. ശേഷിക്കുന്ന ആകെ സീറ്റുകൾ 41,269. രണ്ടാമത്തെ അലോട്ട്‌മെന്റ് 10ന് പ്രസിദ്ധീകരിക്കും. 16നാണ് മൂന്നാമത്തെ അലോട്ട്‌മെന്റ്. 18ന് ക്ലാസുകൾ ആരംഭിക്കും.
വിഎച്ച്‌എസ്‌ഇ: 9099 സ്ഥിരപ്രവേശനം
ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം പ്ലസ് വൺ -എൻഎസ്‌ക്യുഎഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് 9,099 പേർ സ്ഥിരപ്രവേശനം നേടി. 4827 പേർ താൽക്കാലിക പ്രവേശനവും ഉറപ്പാക്കി. 30,660 മെറിറ്റ് സീറ്റുകളിലേക്കായി 25,135 കുട്ടികൾക്ക് അലോട്ട്മെന്റ് നൽകി. 389 വിഎച്ച്‌എസ്ഇ സ്കൂളുകളിലായി 1,100 ബാച്ചുകൾ നിലവിൽ ഉണ്ട്. 43 എൻഎസ്‌ക്യുഎഫ് അധിഷ്ഠിത കോഴ്സുകളിൽ ആണ് ഈ വർഷം പ്രവേശനം നടക്കുന്നത്.









0 comments