പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കം

"കൂടെയുണ്ട് കരുത്തേകാൻ" പദ്ധതി; വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്: മന്ത്രി വി ശിവൻകുട്ടി

v sivankutty plus one
വെബ് ഡെസ്ക്

Published on Jun 18, 2025, 10:10 AM | 2 min read

തിരുവനന്തപുരം : "കൂടെയുണ്ട് കരുത്തേകാൻ" എന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന ബൃഹത് പദ്ധതിയിലൂടെ, കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്നതിനോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ആശംസകൾ നേരുകയായിരുന്നു മന്ത്രി. സന്തോഷത്തോടും പ്രതീക്ഷയോടും കൂടി പുതിയൊരു അധ്യയന വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ, എല്ലാ വിദ്യാർഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നതായും മാതാപിതാക്കൾക്കും അധ്യാപകർക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.


ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. കൗമാരത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടക്കുന്ന നമ്മുടെ കുട്ടികളെ, പുതിയ കാലം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു ചരിത്രപരമായ ദൗത്യത്തിന് തുടക്കം കുറിക്കുകയാണ്. "കൂടെയുണ്ട് കരുത്തേകാൻ" എന്ന പേരിലുള്ള ബൃഹത്തായ പദ്ധതിയിലൂടെ, കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.


സാങ്കേതികവിദ്യയുടെ വളർച്ചയും സാമൂഹിക മാറ്റങ്ങളും കുട്ടികളുടെ ജീവിതത്തിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ, സൈബർ സുരക്ഷാ ഭീഷണികൾ, പഠനപരമായ സമ്മർദ്ദങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ അവർക്ക് നേരിടേണ്ടി വരുന്നുണ്ട്. ഈ വെല്ലുവിളികളെ ധൈര്യപൂർവം നേരിടാനും ആരോഗ്യകരമായ കൗമാരം കെട്ടിപ്പടുക്കാനും അവരെ പ്രാപ്തരാക്കുക എന്നതാണ് "കൂടെയുണ്ട് കരുത്തേകാൻ" എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്- മന്ത്രി പറഞ്ഞു.


കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന ഈ പദ്ധതിയിൽ ഓരോ കുട്ടിയുടെയും വ്യക്തിഗതമായ വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിദഗ്ധരുടെ സഹായത്തോടെയുള്ള കൗൺസിലിംഗ് സേവനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, സൈബർ സുരക്ഷാ ബോധവൽക്കരണം, ജീവിത നൈപുണ്യ പരിശീലനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കുട്ടികളിലെ ഗുണപരമായ മാറ്റത്തിന്റെ വേഗം വർദ്ധിപ്പിക്കുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണ്ണായക പങ്ക് വഹിക്കും.


ഈ ദൗത്യം വിജയകരമാക്കാൻ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലും ഉണ്ടാകണം. അധ്യാപകർക്ക് കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കാനും വേണ്ട പിന്തുണ നൽകാനും പരിശീലനം ലഭിക്കും. രക്ഷിതാക്കൾക്ക് കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ മാർ​ഗനിർദ്ദേശം നൽകാനും "കൂടെയുണ്ട് കരുത്തേകാൻ" പദ്ധതിയിലൂടെ സാധിക്കും.


നമ്മുടെ പൊതുവിദ്യാലയങ്ങൾ വെറും പാഠപുസ്തക അറിവ് നൽകുന്ന ഇടങ്ങൾ മാത്രമല്ല, സാമൂഹികമായും വൈകാരികമായും ബുദ്ധിപരമായും കുട്ടികളെ വളർത്തുന്ന ഇടങ്ങളായി മാറണം. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലൂടെ, ഈ ദൗത്യത്തിന് നമ്മൾ തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. "കൂടെയുണ്ട് കരുത്തേകാൻ" പദ്ധതി നമ്മുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറും. കുട്ടികൾക്ക് കരുത്തും ആത്മവിശ്വാസവും നൽകി, മികച്ച പൗരന്മാരായി വളർത്താൻ പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ആകെ 3,15,986 കുട്ടികളാണ് പ്ലസ് വൺ അഡ്മിഷൻ നേടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home