പ്ലസ്‌ വൺ പ്രവേശനം സുഗമം

plus one
avatar
സ്വന്തം ലേഖകൻ

Published on Jun 17, 2025, 12:06 AM | 2 min read

തിരുവനന്തപുരം: സീസണൽ സമര നാടകങ്ങൾക്കുപോലും അവസരം കൊടുക്കാതെ പ്ലസ്‌ വൺ പ്രവേശനം. ക്ലാസ്‌ തുടങ്ങാൻ രണ്ടുദിവസം മാത്രം ശേഷിക്കേ, സീറ്റുകളെച്ചൊല്ലി പേരിനുപോലും വിവാദമുയർത്താൻ പ്രതിപക്ഷത്തിനായില്ല. പത്താംക്ലാസ്‌ ഫലം പ്രഖ്യാപിച്ചാൽ യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും സീറ്റ്‌ പ്രശ്‌നവുമായി എത്താറാണ്‌ പതിവ്‌. മലബാറിലെ സീറ്റിനെ ചൊല്ലിയാകും കൂടുതൽ വിവാദം. പ്രവേശന നടപടി പൂർത്തിയായിക്കഴിയുമ്പോൾ വിവാദം ഉയർത്തിയവർ മുങ്ങും.


ഈ വർഷം മാർജിനൽ സീറ്റ്‌ സർക്കാർ നേരത്തെ അനുവദിച്ചതിനാൽ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ തന്നെ കൂടുതൽ പേ ർക്ക്‌ പ്രവേശനം ഉറപ്പിക്കാനായി. മാർജിനൽ സീറ്റ്‌ വർധനയിലൂടെ 64,040 സീറ്റുകൾ അധികം ലഭിച്ചു. കഴിഞ്ഞ അക്കാദമിക്‌ വർഷം മലബാർ മേഖലയിൽ അനുവദിച്ച 138 ബാച്ചുകൾ ഉൾപ്പെടെ 2022–-23 മുതലുള്ള താൽക്കാലിക ബാച്ച്‌ നിലനിർത്താനും തീരുമാനിച്ചു. ഇത്തരത്തിൽ 17,290 സീറ്റ്‌ അധികംലഭിച്ചു. 2016 മുതൽ പ്ലസ്‌ വൺ പ്രവേശനത്തിന്‌ ഒരു വിദ്യാർഥിക്കു പോലും സീറ്റില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല.


കഴിഞ്ഞ വർഷം പ്ലസ്‌ വൺ പ്രവേശന നടപടി പൂർത്തിയായപ്പോൾ സംസ്ഥാനത്ത്‌ 54,996 സീറ്റ്‌ ഒഴിഞ്ഞ്‌ കിടന്നിരുന്നു. അൺ എയ്‌ഡ്‌ഡ്‌ സ്‌കൂളുകളിലെ സീറ്റ്‌ കൂടി ചേർത്താണിത്‌. 3,88,512 വിദ്യാർഥികൾ പ്ലസ്‌ വണ്ണിന്‌ പ്രവേശനം നേടി. ഈ വർഷം പ്ലസ്‌ വൺ മെറിറ്റ്‌ സീറ്റിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ 3,12,908 പേർക്ക്‌ അലോട്ട്‌മെന്റ്‌ ലഭിച്ചു. ഇനിയും അപേക്ഷിക്കാത്തവർക്കും അലോട്ട്‌മെന്റ്‌ ലഭിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ അപേക്ഷിക്കാം.


ക്ലാസുകൾ നാളെ ആരംഭിക്കും


ഹയർസെക്കൻഡറി ഒന്നാംവർഷ ക്ലാസ്‌ ബുധനാഴ്‌ച ആരംഭിക്കും. സംസ്ഥാനതല പ്ലസ്‌ വൺ പ്രവേശനോത്സവം തൈക്കാട്‌ ഗവ. മോഡൽ ബോയ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ ഒമ്പതിന്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും. പ്ലസ്‌ വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഞായറാഴ്‌ച പ്രസിദ്ധീകരിച്ചിരുന്നു. ചൊവ്വ വൈകിട്ട്‌ അഞ്ചു വരെ പ്രവേശനം നേടാം. ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ ആകെ 3,12,908 പേർക്കാണ്‌ അലോട്ട്‌മെന്റ്‌ ലഭിച്ചത്‌. 4,688 സീറ്റ്‌ മിച്ചമുണ്ട്‌. മെറിറ്റ് മൂന്നാം അലോട്ട്‌മെന്റിനോടൊപ്പം സ്പോർട്ട്സ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള അഡ്‌മിഷൻ, കമ്യൂണിറ്റി, മാനേജ്‌മെന്റ്‌, അൺഎയ്‌ഡഡ് ക്വാട്ട അഡ്‌മിഷൻ എന്നിവയും നടക്കും. പ്ലസ്‌ വൺ പ്രവേശനത്തിന്‌ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം.


മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാൽ പ്രവേശനത്തിന്‌ പരിഗണിക്കാത്തവർക്കും അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്‌ ലഭിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി സമർപ്പിക്കുന്ന ഒഴുവുകളിലേക്ക്‌ അപേക്ഷ പുതുക്കി നൽകാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള നോട്ടിഫിക്കേഷനും ഒഴിവുകളും മുഖ്യഘട്ടത്തിലെ പ്രവേശനനടപടികൾ പൂർത്തിയായതിനുശേഷം പ്രസിദ്ധീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home