പഠിക്കാം മികവോടെ; എല്ലാവർക്കും സീറ്റുണ്ട്

തിരുവനന്തപുരം
എസ്‌എസ്‌എൽസി പരീക്ഷ വിജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് പ്രവേശനം ഉറപ്പ്. ആകെ 4,24,583 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. സംസ്ഥാനത്ത് ആകെ പ്ലസ്‌വൺ പഠനത്തിന് 4,74,917 സീറ്റുകൾ ലഭ്യമാണ്. കണക്കുകൾ പ്രകാരം 50,334 സീറ്റുകൾ അധികമാണ്. ഹയർസെക്കൻഡറി മേഖലയിൽ 4,41,887 സീറ്റുകളും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 33,030 സീറ്റുകളുമാണ് ഉള്ളത്. ഇതിനു പുറമേ ഐടിഐ മേഖലയിൽ 61,429 സീറ്റുകളും പോളിടെക്‌നിക്ക് മേഖലയിൽ 9,990 സീറ്റുകളും ഉപരിപഠനത്തിന് ലഭ്യമാണ്. എല്ലാവർഷവും സീറ്റ് പ്രതിസന്ധി ഉയരുന്ന മലപ്പുറം ജില്ലയിൽ 79,272 വിദ്യാർഥികളാണ് വിജയിച്ചത്. 81,182 സീറ്റുകൾ ഉപരിപഠനത്തിന് ലഭ്യമാണ്. ഐടിഐ, പോളിടെക്‌നിക് ഒഴികെ 1,910 സീറ്റുകൾ അധികമുണ്ട്.
2025–-26 അധ്യയന വർഷം യോഗ്യരായ എല്ലാവർക്കും പ്ലസ്‌വൺ പ്രവേശനം ഉറപ്പാക്കാൻ മാർജിനൽ സീറ്റ് വർധന അനുവദിച്ചിരുന്നു. ഇതിലൂടെ 64,040 സീറ്റുകളാണ് ലഭ്യമായത്. 2022–-23, 2023–-24, 2024–-25 അധ്യയന വർഷങ്ങളിൽ താൽക്കാലികമായി അനുവദിച്ച ബാച്ചുകളും ഷിഫ്റ്റ് ചെയ്ത ബാച്ചുകളും തുടരുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.









0 comments